'സർക്കാർ ആശുപത്രികളിൽ ചില മരുന്നുകളുടെ ലഭ്യതക്കുറവുണ്ട്, ഒരു മരുന്നും കിട്ടാനില്ല എന്ന പ്രചാരണം ശരിയല്ല' ; മന്ത്രി കെ മുരളീധരൻ

: സര്‍ക്കാര്‍ ആശുപത്രികളിൽ ഒരു മരുന്നും ലഭിക്കാനില്ല എന്ന പ്രചാരണം ശരിയല്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. ചില മരുന്നുകളുടെ ലഭ്യതക്കുറവുണ്ട്. പോരായ്മകള്‍ ഉണ്ടാകാം, എന്നാല്‍ പല പ്രചാരണവും തെറ്റാണെന്നും മന്ത്രി പറഞ്ഞു.

 

 തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളിൽ ഒരു മരുന്നും ലഭിക്കാനില്ല എന്ന പ്രചാരണം ശരിയല്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. ചില മരുന്നുകളുടെ ലഭ്യതക്കുറവുണ്ട്. പോരായ്മകള്‍ ഉണ്ടാകാം, എന്നാല്‍ പല പ്രചാരണവും തെറ്റാണെന്നും മന്ത്രി പറഞ്ഞു.

ഗുണനിലവാരമില്ല എന്നുകണ്ടാണ് ചില കമ്പനികളെ ഒഴിവാക്കിയത്. ഗുണനിലവാരം നോക്കിയാണ് വേണ്ടെന്നുവച്ചത്. മരുന്ന് ക്ഷാമത്തിന് യുദ്ധവും ഒരു കാരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ ആശുപത്രികള്‍ മോശമാണെന്ന പ്രചാരണത്തെ ചെറുക്കുമെന്നും വിദേശാധിപത്യമുള്ള സ്വകാര്യ കമ്പനികളുടെ കുതന്ത്രങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരായ പ്രചാരണത്തിന് പിന്നിലെന്നും മന്ത്രി പ്രതികരിച്ചു.

ചില സ്വകാര്യ ആശുപത്രികൾ മരുന്ന് വില വർദ്ധിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു. റൂം വാടകയും ഇവർ വർദ്ധിപ്പിക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും അതിനുവേണ്ടി കമ്മിറ്റി രൂപീകരിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു. കമ്മിറ്റി റിപ്പോര്‍ട്ട് കിട്ടിയാല്‍ എല്ലാവരുമായി കൂടിയാലോചിക്കും. ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കില്ല. സര്‍ക്കാര്‍ നിയന്ത്രണം അനിവാര്യമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി താലൂക്ക് ആശുപത്രികളും കുടുംബാരോഗ്യ കേന്ദ്രങ്ങളും മരുന്ന് കിട്ടാനില്ലാത്ത സ്ഥിതി ഉണ്ടെന്ന് രോഗികള്‍ പരാതിപ്പെട്ടിരുന്നു. ചില മരുന്നുകള്‍ക്കായി റീ-ടെന്‍ഡര്‍ വിളിക്കേണ്ടി വന്നത് വലിയ കാലതാമസം സൃഷ്ടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ വിഷയം ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷമാകുന്നുവെന്നും സൂപ്രണ്ടുമാര്‍ എത്രയും വേഗം മരുന്ന് സംഭരിക്കണമെന്നുമുള്ള ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദ സന്ദേശവും പുറത്ത് വന്നിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവരുടെ ഗ്രൂപ്പില്‍ ആണ് ഡോ വി മീനാക്ഷിയുടെ നിര്‍ദേശം വന്നത്.