ഷോളയാർ ജലചൂഷണം: അതിരപ്പിള്ളി ഭീഷണിയിൽ; സംയുക്ത ജല നിയന്ത്രണ ബോർഡ് യോഗം വിളിക്കാൻ കേരളം

അന്തർസംസ്ഥാന നദീജല കരാർ വ്യവസ്ഥകൾ ലംഘിച്ച് തമിഴ്‌നാട് ഏകപക്ഷീയമായി വെള്ളം വഴിതിരിച്ചുവിടുന്നത് കേരളത്തിന് കനത്ത തിരിച്ചടിയാകുന്നു. ഷോളയാറിൽ നിന്ന് കേരളത്തിന് ന്യായമായി ലഭിക്കേണ്ട ജലം തമിഴ്നാട് വിട്ടുനൽകാത്തതോടെ ചാലക്കുടിപ്പുഴയുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലായി. ഇതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം വറ്റിവരണ്ടു പോകുമോയെന്ന ആശങ്കയ്ക്കൊപ്പം, ചിറ്റൂർ, നെന്മാറ മേഖലകളിലെ ആയിരക്കണക്കിന് നെൽക്കർഷകരും കൃഷി പ്രതിസന്ധിയിലാകുമെന്ന ഭീതിയിലാണ്

 

തൃശൂർ: അന്തർസംസ്ഥാന നദീജല കരാർ വ്യവസ്ഥകൾ ലംഘിച്ച് തമിഴ്‌നാട് ഏകപക്ഷീയമായി വെള്ളം വഴിതിരിച്ചുവിടുന്നത് കേരളത്തിന് കനത്ത തിരിച്ചടിയാകുന്നു. ഷോളയാറിൽ നിന്ന് കേരളത്തിന് ന്യായമായി ലഭിക്കേണ്ട ജലം തമിഴ്നാട് വിട്ടുനൽകാത്തതോടെ ചാലക്കുടിപ്പുഴയുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലായി. ഇതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം വറ്റിവരണ്ടു പോകുമോയെന്ന ആശങ്കയ്ക്കൊപ്പം, ചിറ്റൂർ, നെന്മാറ മേഖലകളിലെ ആയിരക്കണക്കിന് നെൽക്കർഷകരും കൃഷി പ്രതിസന്ധിയിലാകുമെന്ന ഭീതിയിലാണ്.

വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ, പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇരു സംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടക്കുന്ന സംയുക്ത ജല നിയന്ത്രണ ബോർഡ് യോഗം ഈ മാസം 9-നോ 13-നോ വിളിച്ചുചേർക്കാൻ നിർദ്ദേശിച്ചു. തിങ്കളാഴ്ച തമിഴ്‌നാട് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി യോഗത്തിന്റെ അന്തിമ തീയതി പ്രഖ്യാപിക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി അറിയിച്ചു. ജനപ്രതിനിധികളും ജലസേചന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് സംയുക്ത ബോർഡ് യോഗം ഉടൻ വിളിച്ചുചേർക്കാൻ ധാരണയായത്.

കരാർ പ്രകാരം ഷോളയാർ ഉപതടത്തിൽ നിന്ന് ജൂലൈ 1 മുതൽ ഫെബ്രുവരി 1 വരെയുള്ള കാലയളവിൽ 348 ദശലക്ഷം ഘനമീറ്റർ (MCM) വെള്ളം തമിഴ്നാട് കേരളത്തിന് നൽകേണ്ടതുണ്ട്. പറമ്പിക്കുളം റിസർവോയറിൽ നിന്ന് തമിഴ്‌നാട് ആവശ്യത്തിന് വെള്ളം തുറന്നുവിട്ടില്ലെങ്കിൽ വരാനിരിക്കുന്ന കൃഷി സീസൺ തകിടം മറിയുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. തമിഴ്നാടിന്റെ ജലചൂഷണത്തിനെതിരെ ശക്തമായ നിയമപരവും നയതന്ത്രപരവുമായ നിലപാടുകളുമായി മുന്നോട്ടുപോകാനാണ് കേരളത്തിന്റെ തീരുമാനം.