ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ വോട്ടർമാർക്ക് ബിജെപി പണം നൽകിയ സംഭവത്തിൽ കർശന നടപടി വേണം : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
പാലക്കാട് എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ വോട്ടർമാർക്ക് ബിജെപി പണം നൽകിയ സംഭവത്തിൽ കർശന നടപടി തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
കണ്ണൂർ : പാലക്കാട് എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ വോട്ടർമാർക്ക് ബിജെപി പണം നൽകിയ സംഭവത്തിൽ കർശന നടപടി തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് തന്നെ പ്രഥമദൃഷ്ട്യകേസെടുക്കാൻ കഴിയും. വോട്ടിന് നോട്ട് എന്ന ബിജെപിയുടെ ഉത്തരേന്ത്യൻ സംസ്‌കാരമാണ് കേരളത്തിലും നടപ്പിലാക്കുന്നത്. ബിജെപിയുടെ പണത്തിന്റെ സ്രോതസ് അന്വേഷിക്കണം. ജനാധിപത്യത്തെ പണം കൊടുത്ത് വിലയ്‌ക്കെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വോട്ടറെ സ്വാധീനിക്കാൻ പണം കൊടുക്കുന്നത് തെളിവ് സഹിതം പിടിക്കുകയും അത് ചോദ്യം ചെയ്യുകയും ദൃശ്യംപകർത്തുകയും ചെയ്തവരോട് കരണം അടിച്ച് പൊട്ടിക്കുമെന്ന ധാർഷ്ട്യത്തോടെ ഭീഷണിപ്പെടുത്തുകയാണ് എൻഡിഎ സ്ഥാനാർത്ഥിയായ ബിജെപി നേതാവ് പറയുന്നത്.
വ്യാജ രേഖകൾ സൃഷ്ടിക്കുന്ന സിപിഎമ്മും പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്ന ബിജെപിയും ജനാധിപത്യ സംവിധാനത്തിന് അപമാനമാണ്. പരാജയഭീതി കാരണമാണ് ഇരുപാർട്ടികളും ഇത്തരം നടപടികളുമായി രംഗത്ത് വരുന്നത്. ആശയപരമായ നിലപാട് കൊണ്ട് ജനങ്ങൾക്ക് ഇടയിൽ സ്വാധീനം വർധിപ്പിക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണ് വളഞ്ഞവഴി തിരഞ്ഞെടുക്കാൻ സിപിഎമ്മിനെയും ബിജെപിയേയും പ്രേരിപ്പിച്ചത്. ജനം ഇതെല്ലാം കാണുന്നുണ്ടെന്നും അതിനുള്ള മറുപടി ബാലറ്റിലൂടെ നൽകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.