പാലക്കാട് പ്രചാരണം തുടങ്ങി ശോഭ സുരേന്ദ്രന്‍ ; വിട്ടു നിന്ന പ്രശാന്തിനെ വിളിച്ചുവരുത്തി കൃഷ്ണകുമാര്‍

പാലക്കാട് ബിജെപിയുടെ ശക്തി കേന്ദ്രമായ മൂത്താന്‍ തറയിലെ കര്‍ണ്ണകിയമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് ശോഭ സുരേന്ദ്രന്‍ തുടങ്ങിയത്.

 

സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍ പ്രശാന്തിനെ വിളിച്ചു വരുത്തുകയായിരുന്നു.

ബിജെപിയുടെ ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ പാലക്കാട് പ്രചാരണം തുടങ്ങി ശോഭ സുരേന്ദ്രന്‍. മണ്ഡലത്തില്‍ ചുവരെഴുത്ത് ഉദ്ഘാടനം ചെയ്തും പാര്‍ട്ടി നേതാക്കളെ കണ്ടും ശോഭ സജീവമായി. അതേസമയം ശോഭയുടെ പരിപാടിയില്‍ നിന്ന് ജില്ല അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ തുടക്കത്തില്‍ വിട്ടു നിന്നത് കല്ലുകടിയായി. പിന്നീട് സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍ പ്രശാന്തിനെ വിളിച്ചു വരുത്തുകയായിരുന്നു.
പാലക്കാട് ബിജെപിയുടെ ശക്തി കേന്ദ്രമായ മൂത്താന്‍ തറയിലെ കര്‍ണ്ണകിയമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് ശോഭ സുരേന്ദ്രന്‍ തുടങ്ങിയത്. ക്ഷേത്രത്തിന് തൊട്ടടുത്താണ് താമസമെങ്കിലും ബിജെപി ജില്ല അധ്യക്ഷന്‍ പ്രശാന്ത് ശിവന്റെ അസാനിധ്യം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചുവരെഴുത്ത് ഉദ്ഘാടനത്തിനും പ്രശാന്ത് എത്തില്ലെന്ന അഭ്യൂഹം പരന്നു.

ചുവരെഴുത്തിനായി ശോഭയും മുതിര്‍ന്ന നേതാക്കളും എത്തിയിട്ടും പ്രശാന്ത് വന്നില്ല. പിണങ്ങി നിന്ന പ്രശാന്തിനെ പിന്നീട് നേതാക്കള്‍ ഫോണില്‍ വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് ശോഭ മാധ്യമങ്ങളെ കാണുമ്പോഴും പ്രശാന്ത് മാറി നിന്നു. എന്നാല്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നും തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ജില്ല അധ്യക്ഷന്‍ മകനെ പോലെയാണ്. പ്രശാന്താണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ പ്രശാന്തിനെ രണ്ട് ഷാള്‍ ഇട്ട് സ്വീകരിക്കുമെന്നും ഞങ്ങള്‍ക്കിടയില്‍ ഒരു ഭിന്നതയുമില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ വീട്ടിലെ സന്ദര്‍ശനത്തിലും പ്രശാന്ത് ശിവന്‍ പങ്കെടുത്തില്ല. പാലക്കാട് പ്രശാന്ത് ശിവന്റെ പേര് വെട്ടിയാണ് ശോഭയെ പരിഗണിച്ചത്. പകരം നെന്മാറ ഉറപ്പ് പറഞ്ഞിരുന്നെങ്കിലും ബിഡിജെഎസ് സീറ്റ് വിട്ടുനല്‍കിയിട്ടില്ല. ഇതാണ് പ്രശാന്തിന്റെ അതൃപ്തിയ്ക്ക് കാരണമെന്നാണ് സൂചന.