വയനാട്ടില്‍ ഷിഗല്ല വ്യാപനം ; സാഹചര്യം വിലയിരുത്താന്‍ ഇന്ന് ഉന്നതതലയോഗം
മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തിലാണ് യോഗം
ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്ന് വൈകിട്ടോടെ വയനാട്ടിലെത്തും.
വയനാട്ടില്‍ ആശങ്കയായി ഷിഗല്ല. കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സാഹചര്യം വിലയിരുത്താന്‍ ഇന്ന് ഉന്നതതലയോഗം ചേരും. മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തിലാണ് യോഗം. ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്ന് വൈകിട്ടോടെ വയനാട്ടിലെത്തും.
രോഗബാധിതരായ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങളുമായി 60 കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പനി,ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്‌കൂളിലെ 339 കുട്ടികള്‍ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഇതില്‍ 21 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ രണ്ടെണ്ണമാണ് പോസിറ്റീവ് ആയത്. എല്ലാവരുടെയും ആരോഗ്യസ്ഥിതി സാധാരണ നിലയില്‍ ആണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കുട്ടികളുമായി അടുത്തിടപഴകിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.