ഷിഗല്ലെ വ്യാപനം : പ്രതിരോധവും ജാഗ്രതയും ശക്തമാക്കി ആരോഗ്യവകുപ്പ് 

ജില്ലയിലെ അമരമ്പലം, ചുങ്കത്തറ, ഏലംകുളം പ്രദേശങ്ങളിൽ ഷിഗല്ലെ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ഡി.എം.ഒ) ഡോ.വി. വിനോദ് അറിയിച്ചു.

 

 മലപ്പുറം: ജില്ലയിലെ അമരമ്പലം, ചുങ്കത്തറ, ഏലംകുളം പ്രദേശങ്ങളിൽ ഷിഗല്ലെ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ഡി.എം.ഒ) ഡോ.വി. വിനോദ് അറിയിച്ചു. ജില്ലയിൽ ഈ വർഷം ഇതുവരെ എട്ടു സമ്പർക്ക കേസുകൾ ഉൾപ്പെടെ 75 കേസുകളാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഷിഗല്ലെ പ്രധാനമായും കുട്ടികളെയാണ് ബാധിക്കുന്നത്. മലിനജലത്തിലൂടെയും പഴകിയതോ ശരിയായി പാകംചെയ്യാത്തതോ ആയ ഭക്ഷണപദാർഥങ്ങളിലൂടെയുമാണ് രോഗം പകരുന്നത്.

രോഗബാധിതരുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം വളരെ വേഗത്തിൽ വ്യാപിക്കാൻ സാധ്യതയുണ്ട്. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. വളരെ കുറഞ്ഞ സമയംകൊണ്ട് അപകടകരമായ രീതിയിൽ ബാക്ടീരിയ പെരുകുന്നതിനാൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾതന്നെ കൃത്യമായ ചികിത്സ തേടണം. വയറിളക്കം, മലത്തോടൊപ്പം രക്തവും പഴുപ്പും കലർന്നു പോകുക, അടിവയറ്റിൽ കഠിനമായ വേദന, പനി, ഛർദി, നിർജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ അണുബാധ തലച്ചോറിനെയും വൃക്കകളെയും ബാധിച്ച് ജീവഹാനിവരെ സംഭവിക്കാം.

ജില്ലതല ദ്രുത പ്രതികരണ സംഘം (ആർ.ആർ.ടി) അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും പ്രതിരോധനടപടികൾ ഊർജിതമാക്കുകയും ചെയ്തു. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ഭക്ഷ്യസുരക്ഷ വിഭാഗം എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ഭക്ഷ്യനിർമാണ, സംഭരണ, വിതരണ കേന്ദ്രങ്ങളിൽ കർശന പരിശോധന നടത്തും. നിയമലംഘനങ്ങൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. രോഗബാധിത പ്രദേശങ്ങളിൽ പൊതുസദ്യകൾ ഒരു കാരണവശാലും നടത്താൻ പാടില്ലെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

    തിളപ്പിച്ചാറിയ വെള്ളം കുടിക്കാനും ആഹാരം പാകം ചെയ്യാനും ഉപയോഗിക്കുക.
    പൂർണമായും വേവിച്ച ആഹാരം കഴിക്കുക; പഴകിയതോ തുറന്നുവെച്ചതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
    കുടിവെള്ള സ്രോതസ്സുകൾ സമയബന്ധിതമായി ക്ലോറിനേറ്റ് ചെയ്യുക.
    ആഹാരസാധനങ്ങൾ അടച്ചുസൂക്ഷിക്കുകയും ഈച്ചപോലെയുള്ള പ്രാണികൾ വന്നിരിക്കാതെ നോക്കുകയും ചെയ്യുക.
    പരമാവധി വീടുകളിൽ ഉണ്ടാക്കുന്ന ആഹാരം മാത്രം കഴിക്കുക.
    പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
    മുട്ട പുഴുങ്ങുന്നതിനു മുമ്പും പച്ചക്കറികൾ പാകം ചെയ്യുന്നതിനു മുമ്പും നന്നായി കഴുകുക.
    ഭക്ഷണം കഴിക്കുന്നതിനു മുമ്പും മലമൂത്രവിസർജനത്തിനുശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. ഭക്ഷണസാധനങ്ങൾ പാകംചെയ്യുന്നതിന് മുമ്പും കൈകൾ സോപ്പുപയോഗിച്ച് കഴുകണം.
    വയറിളക്കം പിടിപെട്ടാൽ നിർജലീകരണം ഒഴിവാക്കാൻ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ കുടിക്കാൻ നൽകുക.
    വ്യക്തിശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം എന്നിവ കൃത്യമായി പാലിക്കുകയും രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറെ കണ്ട് ചികിത്സ തേടുകയും ചെയ്യുക.