തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് 24- 25 സീറ്റു നേടിയാലും താന്‍ അതിശയിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍

2011 നേക്കാള്‍ മികച്ച ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേതാക്കള്‍ പറയുന്നത് 85 മുതല്‍ 100 സീറ്റു വരെയെന്നാണ്. എന്നാല്‍ 2011 ലെ 71-72 സീറ്റുകളേക്കാള്‍ മികച്ച നേട്ടം ഉണ്ടാക്കുമെന്നാണ് തന്റെ വിലയിരുത്തലെന്നും  തരൂര്‍ ചൂണ്ടിക്കാട്ടി.

 

തിരുവനന്തപുരം: മികച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. 2011 നേക്കാള്‍ മികച്ച ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേതാക്കള്‍ പറയുന്നത് 85 മുതല്‍ 100 സീറ്റു വരെയെന്നാണ്. എന്നാല്‍ 2011 ലെ 71-72 സീറ്റുകളേക്കാള്‍ മികച്ച നേട്ടം ഉണ്ടാക്കുമെന്നാണ് തന്റെ വിലയിരുത്തലെന്നും  തരൂര്‍ ചൂണ്ടിക്കാട്ടി.

'ന്യൂനപക്ഷ ഏകീകരണത്തില്‍ യുഡിഎഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന ധാരണ ശരിയല്ല ഞങ്ങളുടെ നിലപാടുകള്‍ ഉറച്ചതാണെന്ന് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്. ക്രൈസ്തവ സമൂഹത്തിനും യുഡിഎഫിനെക്കുറിച്ച് പരാതിപ്പെടാന്‍ ഒന്നുമില്ല. എഫ്സിആര്‍എ വിഷയത്തില്‍ ആദ്യം പ്രതിഷേധിച്ചത് യുഡിഎഫാണ്. അതിനര്‍ത്ഥം ഞങ്ങള്‍ ന്യൂനപക്ഷങ്ങളുടെ പാര്‍ട്ടിയാണെന്നല്ല, ഞങ്ങള്‍ എല്ലാവരുടേയും പാര്‍ട്ടിയാണ്. തരൂർ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ബിജെപിക്ക് സ്വാധീനമുള്ള ചില മണ്ഡലങ്ങളുണ്ട്. എന്നാല്‍ അവര്‍ പൂജ്യത്തില്‍ നിന്ന് 3 സീറ്റുകളിലേക്ക് വരെ ഉയര്‍ന്നാല്‍ പോലും, അത് സര്‍ക്കാരിന്റെ ഘടനയില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ പോകുന്നുണ്ടോയെന്ന് തരൂര്‍ ചോദിച്ചു. സംസ്ഥാനത്ത് ഇപ്പോഴും എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നതെന്നും തരൂർ പറഞ്ഞു.