'ഇവിടെ എം.എൽ.എ’മാരുടെ വാഹനങ്ങൾക്ക് മാത്രമേ പാർക്കിങ് അനുമതി ഉള്ളു'; നിയമസഭാംഗത്തിന് അനുവാദമില്ല, രസകരമായ അനുഭവം ഫേസ്ബുക്കിൽ പങ്കുവച്ച് എം.എൽ.എ മാത്യു ടി. തോമസ്
നിയമസഭാ മന്ദിരത്തിൽ എത്തിയപ്പോൾ പാർക്കിങ്ങിലുണ്ടായ രസകരമായ സംഭവം തന്റെ ഫേസ്‍ബുക്കിലൂടെ പങ്ക് വച്ചിരിക്കുകയാണ് മുൻമന്ത്രിയും എം.എൽ.എയുമായ മാത്യു ടി. തോമസ്
എം.എൽ.എമാർക്ക് പാർക്കിങ് ചെയ്യാനൊരുക്കിയ സ്ഥലത്ത് ‘നിയമസഭാംഗം’ എന്ന ബോർഡ് വച്ച മാത്യു ടി. തോമസിന്റെ കാർ പാർക്ക് ചെയ്യാനാകില്ലെന്ന് വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥൻ പറഞ്ഞതാണ് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്
തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിൽ സഭയിലെ ഓരോ ഉദ്യോഗസ്ഥർക്കും, അത്പോലെ ജന പ്രതിനിധികൾക്കും പ്രത്യേക വാഹന പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിയമസഭാ മന്ദിരത്തിൽ എത്തിയപ്പോൾ പാർക്കിങ്ങിലുണ്ടായ രസകരമായ സംഭവം തന്റെ ഫേസ്‍ബുക്കിലൂടെ പങ്ക് വച്ചിരിക്കുകയാണ് മുൻമന്ത്രിയും എം.എൽ.എയുമായ മാത്യു ടി. തോമസ്. എം.എൽ.എമാർക്ക് പാർക്കിങ് ചെയ്യാനൊരുക്കിയ സ്ഥലത്ത് ‘നിയമസഭാംഗം’ എന്ന ബോർഡ് വച്ച മാത്യു ടി. തോമസിന്റെ കാർ പാർക്ക് ചെയ്യാനാകില്ലെന്ന് വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥൻ പറഞ്ഞതാണ് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്. നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷൻ കൂടിയായ താൻ ഇതിങ്ങനെ പോട്ടെ എന്ന് തീരുമാനിക്കുന്നുവെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. തന്‍റെ വാഹനത്തിന്‍റെ നമ്പർ പ്ലേറ്റടങ്ങിയ ചിത്രവും എം.എൽ.എ പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം
''ഞാൻ 2018 മുതൽ ഉപയോഗിക്കുന്ന കാറാണിത്. 2¼ ലക്ഷം കി മി ഓടിക്കഴിഞ്ഞു.
ഇന്ന് നിയമസഭയിൽ ചെന്ന് പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എന്നെ അത്ര പരിചയം ഇല്ലാത്ത ഒരു വാച്ച് & വാർഡ്, ഡ്രൈവർ സീറ്റിൽ ഇരിക്കയായിരുന്ന എന്നോട് വളരെ വിനയത്തോടെ പറഞ്ഞു.. "ഇവിടെ MLA മാരുടെ വാഹനങ്ങൾക്കു മാത്രേ പാർക്കിങ് അനുവദിക്കൂ"
നിയമസഭ അംഗങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റില്ലേ എന്ന എന്റെ ചോദ്യത്തിന് ഉടനെ മറുപടി വന്നു.., MLA മാരുടെ വാഹനം മാത്രമേ പറ്റു.
MLA എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ആവൂ എന്ന് പല തവണ എന്റെ ഡ്രൈവർ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ് എന്ന് ഇന്ന് ബോധ്യപ്പെട്ടു. നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷൻ കൂടിയായ ഞാൻ ഇതിങ്ങനെ പോട്ടെ എന്ന് തീരുമാനിക്കുന്നു.