ഷഹബാസ് വധ​ക്കേസ് :  ആറു വിദ്യാർഥികളുടെയും ജാമ്യാപേക്ഷ തള്ളി

താമരശ്ശേരിയിൽ 10ാംക്ലാസ് വിദ്യാർഥി ഷഹബാസിനെ ​കൊലപ്പെടുത്തിയ കേസിൽ ആറു വിദ്യാർഥികൾക്കും ജാമ്യമില്ല. വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിൽ കഴിയുന്ന ഇവരു​ടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി വി.എസ് ബിന്ദുകുമാരിയാണ് തള്ളിയത്.

 

കോഴിക്കോട്: താമരശ്ശേരിയിൽ 10ാംക്ലാസ് വിദ്യാർഥി ഷഹബാസിനെ ​കൊലപ്പെടുത്തിയ കേസിൽ ആറു വിദ്യാർഥികൾക്കും ജാമ്യമില്ല. വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിൽ കഴിയുന്ന ഇവരു​ടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി വി.എസ് ബിന്ദുകുമാരിയാണ് തള്ളിയത്.

കഴിഞ്ഞ മൂന്നിന് പരിഗണിച്ച കേസ് വിധി പറയാൻ ഇന്നത്തേക്ക് മാറ്റിയതായിരുന്നു. അവധിക്കാലം ആയതിനാൽ വിദ്യാർഥികളെ തങ്ങൾക്ക് ഒപ്പം വിടണമെന്നും 34 ദിവസം ജയിലിൽ കിടന്നത് ശിക്ഷയായി കാണണമെന്നുമായിരുന്നു ഇവരുടെ രക്ഷിതാക്കളുടെ പ്രധാനവാദം. പ്രതികളായ ആറുപേർക്ക് വേണ്ടി നാല് അഭിഭാഷകരാണ് കേസ് വാദിച്ചത്. കുട്ടികളുടെ പേരിൽ ഇതിന് മുൻപും മറ്റൊരു കേസുകളും ഉണ്ടായിട്ടില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഒരു മാസത്തിലധികമായി ജുവനൈൽ ഹോമിൽ കഴിയുകയാണ് ഇവർ. ഇത് കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കൾ കോടതിയെ ബോധിപ്പിച്ചു. എന്നാൽ, കുട്ടികൾ എന്ന ആനുകൂല്യം കസ്റ്റഡിയിലുള്ളവർക്ക് നൽകരുതെന്ന് ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കൂട്ടിച്ചേർത്തു. തുടർന്നാണ് ആറുപേർക്കും ജാമ്യം നൽകേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടത്.

ഫെബ്രുവരി 28 നായിരുന്നു താമരശ്ശേരിയിൽ ട്യൂഷൻ ക്ലാസ്സിലെ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് ക്രൂരമായി മർദിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷഹബാസ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് 1നാണ് മരിച്ചത്.