സന്നിധാനത്ത് തിരക്കൊഴിഞ്ഞു; കളമെഴുത്തിന്  തുടക്കമായി,ഭക്തർക്ക് ദർശനം 19 വരെ

ശനിയാഴ്ചവരെ തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പദര്‍ശനം സാധ്യമാകും

 

19 വരെയുള്ള ദിവസങ്ങളിൽ വെർച്വൽ ക്യൂ ബുക്കിങ്‌ നിയന്ത്രിച്ചിട്ടുണ്ട്‌

ശബരിമല: മകരവിളക്ക് ദർശനം പൂർത്തിയായി ഭക്തർ മലയിറങ്ങിയതോടെ സന്നിധാനത്ത് തിരക്കൊഴിഞ്ഞു.മകരവിളക്കും മകരസംക്രമപൂജയും കഴിഞ്ഞെങ്കിലും ശനിയാഴ്ചവരെ തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പദര്‍ശനം സാധ്യമാകും. 19 വരെയുള്ള ദിവസങ്ങളിൽ വെർച്വൽ ക്യൂ ബുക്കിങ്‌ നിയന്ത്രിച്ചിട്ടുണ്ട്‌. 18 വരെ 50,000 പേർക്കായിരിക്കും ബുക്കിങ് അനുവദിക്കുക. 19ന്‌ 30,000 പേർക്കാണ്‌ അനുമതി. 18 വരെയാണ് നെയ്യഭിഷേകത്തിന് അവസരം.  19 ന്‌ രാത്രി പത്തിന്‌ നട അടയ്‌ക്കും. തുടർന്ന്‌ മാളികപ്പുറത്ത്‌ കുരുതി നടക്കും. 

മകരവിളക്ക് ദർശനം പൂർത്തിയാക്കിയ തീർഥാടകരെ പമ്പയിൽനിന്ന്‌ ഘട്ടംഘട്ടമായാണ്‌  കടത്തിവിട്ടത്. തിരക്ക് കുറഞ്ഞ സാഹചര്യത്തിൽ സന്നിദാനത്തെ ശുചീകരണ ജോലികളും പുരോഗമിക്കുകയാണ്. പ്രധാന കേന്ദ്രങ്ങളിലെ മാലിന്യങ്ങൾ എല്ലാം തന്നെ നീക്കം ചെയ്തു. എഡിഎമ്മിൻ്റെ നേതൃത്വത്തിലുള്ള  വിശുദ്ധിസേനയാണ് ശുചീകരണം നടത്തുന്നത്. 

അതേസമയം സന്നിധാനത്ത് കളമെഴുത്തിനും തുടക്കമായി. മാളികപ്പുറത്തെ മണിമണ്ഡപത്തിലാണ് മകരസംക്രമ ദിനം മുതല്‍ അഞ്ച് ദിവസത്തേയ്ക്ക് കളമെഴുത്ത് നടക്കുന്നത്. അയ്യപ്പൻ്റെ ഓരോ ഭാവങ്ങളാണ് ഓരോ ദിവസവും കളമെഴുതുന്നത്. ബാലമണികണ്ഠവേഷമായിരുന്നു മകരവിളക്ക് ദിനത്തില്‍ കളമെഴുതിയത്. ഇന്നലെ (ജനുവരി 15) വില്ലാളി വീരന്‍, ഇന്ന് (ജനുവരി 16) രാജകുമാരന്‍, നാളെ (ജനുവരി 17) പുലിവാഹനന്‍, സമാപനദിനമായ ജനുവരി 18ന് തിരുവാഭരണ വിഭൂഷിതനായ ശാസ്താവിനെയുമാണ് കളമെഴുതുക.