മാസപ്പടിക്കേസിൽ എസ്എഫ്‌ഐഒക്ക് തിരിച്ചടി; കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് എന്ത് കൊണ്ട് പാലിച്ചില്ല? കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി
എക്‌സാലോജിക്-സിഎംആർഎൽ മാസപ്പടിക്കേസിൽ കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി. കേസിൽ കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് എന്ത് കൊണ്ട് പാലിച്ചെന്ന് എസ്എഫ്ഐഒയോട് ഡൽഹി ഹൈക്കോടതി ജഡ്‌ജ് സുബ്രഹ്‌മണ്യം പ്രസാദ് ചോദിച്ചു.
ന്യൂഡൽഹി: എക്‌സാലോജിക്-സിഎംആർഎൽ മാസപ്പടിക്കേസിൽ കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി. കേസിൽ കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് എന്ത് കൊണ്ട് പാലിച്ചെന്ന് എസ്എഫ്ഐഒയോട് ഡൽഹി ഹൈക്കോടതി ജഡ്‌ജ് സുബ്രഹ്‌മണ്യം പ്രസാദ് ചോദിച്ചു. കേസിൽ അന്വേഷണം തുടരുമെന്നും വിചാരണ കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്യില്ലെന്ന് എസ്എഫ്‌ഐഒ വാക്കാൽ ഉറപ്പ് നൽകിയിരുന്നുവെന്നും സുബ്രഹ്‌മണ്യം പ്രസാദ് വ്യക്തമാക്കി.
മുതിർന്ന അഭിഭാഷകർ വാക്കാൽ നൽകുന്ന ഉറപ്പുകൾ കോടതികൾ മുഖവിലയ്ക്ക് എടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്ത് കൊണ്ടാണ് ഉറപ്പ് പാലിക്കാത്തത് എന്ന് എസ്എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഡൽഹി ഹൈക്കോടതി ആരാഞ്ഞു. ഇത്തരം വാക്കാലുള്ള ധാരണകൾ രേഖാമൂലം നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ടെങ്കിലും ചിലപ്പോൾ കോടതികൾ അഭിഭാഷകരുടെ വാക്കുകൾ കണക്കിലെടുക്കാറുണ്ടെന്ന് ജസ്റ്റിസ് പ്രസാദ് അഭിപ്രായപ്പെട്ടു.
കമ്പനി ഉൾപ്പെട്ട കേസിൽ കോടതി നിർദേശം ലംഘിച്ച് കുറ്റപത്രം സമർപ്പിച്ച എസ്‌എഫ്‌ഐഒ നടപടിക്കെതിരെ സിഎംആർഎൽ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. അന്വേഷണം തുടരാമെങ്കിലും, ഹർജി തീർപ്പാക്കുന്നത് വരെ പരാതി ഫയൽ ചെയ്യരുതെന്ന് ഇരുപക്ഷവും തമ്മിൽ വാമൊഴിയായി ധാരണയുണ്ടെന്ന് സിഎംആർഎല്ലിൻറെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഇതിനെ എതിർത്ത കോടതി കേസിൽ അന്വേഷണം തുടരുമെന്നും വ്യക്തമാക്കി.
അന്വേഷണ റിപ്പോർട്ട് എവിടെയും സമർപ്പിക്കരുതെന്ന കോടതി നിർദേശം നിലനിൽക്കെ കുറ്റപത്രം സമർപ്പിച്ച് പ്രോസിക്യൂഷൻ നടപടിയിലേക്ക് കടന്നത് കോടതിയെ പരിഹസിക്കുന്ന നടപടിയാണെന്ന് സിഎംആർഎൽ ഹർജിയിൽ ചൂണ്ടിക്കാട്ടി. നേരത്തെ കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന് മുന്നിൽ വേറെ എവിടെയും കുറ്റപത്രം സമർപ്പിക്കില്ലെന്ന് എസ്എഫ്‌ഐഒയുടെ അഭിഭാഷകർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, കേസിൽ അന്വേഷണം പൂർത്തിയാക്കിയ എസ്എഫ്‌ഐഒ കേരളത്തിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതിനെതിരെ ഡൽഹി ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ എല്ലാ എതിർകക്ഷികളെയും കേൾക്കണമെന്ന് ഹെെക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനി, കരിമണൽ കമ്പനി സിഎംആർഎൽ തുടങ്ങിയ എല്ലാ എതിർകക്ഷികളോടും എതിർ സത്യവാങ്‌മൂലം സമർപ്പിക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു.
വീണ, ഇവരുടെ സ്ഥാപനം, കരിമണൽ കമ്പനി എംഡിയും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി എസ്എഫ്ഐഒ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ തങ്ങളെ കേൾക്കാതെയാണ് എസ്എഫ്ഐഒ റിപ്പോർട്ട് സമർപ്പിച്ചതെന്ന സിഎംആർഎൽ ഹർജി നൽകി. ഇതിനുപിന്നാലെ, എറണാകുളം അഡീഷണൽ സെഷൻസ് കോടതി മുമ്പാകെയുള്ള കേസിലെ തുടർനടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.