ജി സുധാകരനെ യൂദാസിനോട് ഉപമിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്
ചെങ്കൊടിയെയും സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെയും തള്ളിപറയുകയാണ് സുധാകരനെന്നും എം ശിവപ്രസാദ് കുറിപ്പില്‍ പറയുന്നു.
പാര്‍ട്ടിയെ അധികാര കസേരയ്ക്ക് വേണ്ടി തള്ളിക്കളയുകയാണ്.
സിപിഐഎം വിട്ട് അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെ യൂദാസിനോട് ഉപമിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. യൂദാസേ നീ മനുഷ്യപുത്രനേ ഒരു ചുംബനത്താല്‍ വഞ്ചിക്കുമോ? എന്ന് ചോദിച്ചു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം വിശദീകരിച്ചും വ്യക്തിപരമായി താന്‍ ഈ പാര്‍ട്ടിയെ ഉപയോഗിച്ച് കൈവരിച്ച നേട്ടങ്ങളും വിശദീകരിച്ച ശേഷം പാര്‍ട്ടിയെ അധികാര കസേരയ്ക്ക് വേണ്ടി തള്ളിക്കളയുകയാണ്. ചെങ്കൊടിയെയും സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെയും തള്ളിപറയുകയാണ് സുധാകരനെന്നും എം ശിവപ്രസാദ് കുറിപ്പില്‍ പറയുന്നു. സര്‍വാധികാരിയായ സര്‍ സിപിയെ ചോദ്യം ചെയ്യാന്‍ മടിക്കാത്ത ആലപ്പുഴയിലെ തൊഴിലാളി വര്‍ഗം നിങ്ങളെ തെരുവില്‍ ചോദ്യം ചെയ്യുമെന്നും എസ്എഫ്ഐ നേതാവ് പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
''യൂദാസേ, നീ മനുഷ്യപുത്രനെ ഒരു ചുംബനത്താല്‍ വഞ്ചിക്കുമോ?''
യേശുവിനെ ഒറ്റു കൊടുക്കുന്നതിന് യൂദാസ് യേശുവിനെ ചുംബിച്ച പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം വിശദീകരിച്ചും വ്യക്തിപരമായി താന്‍ ഈ പാര്‍ട്ടിയെ ഉപയോഗിച്ച് കൈവരിച്ച നേട്ടങ്ങളും വിശദീകരിച്ച ശേഷം ശ്രീ ജി. സുധാകരന്‍ അദ്ദേഹത്തെ ഇന്ന് കാണുന്ന നിലയില്‍ എത്തിച്ച പാര്‍ട്ടിയെ അധികാര കസേരയുടെ മതിഭ്രമത്തില്‍ തള്ളിപറയുകയാണ്. 'പൂച്ചേ പൂച്ചേ' എന്ന് കവിത എഴുതിയ അദ്ദേഹം, 63 വര്‍ഷം പാര്‍ട്ടിയെ നയിച്ചിട്ട് സ്വന്തം വീട്ടിലെ പൂച്ച അല്ലാതെ ആലപ്പുഴയിലെ ഒരു പാര്‍ട്ടി ബ്രാഞ്ച് പോലും കൂടെ ഇല്ല എന്ന് ബോധ്യം ഉണ്ടായിട്ടും കോണ്‍ഗ്രസിന്റെ മോഹന വാഗ്ദാനത്തില്‍ അദ്ദേഹം വീണു പോയിരിക്കുന്നു.
ഇനി അങ്ങോട്ട് കോണ്‍ഗ്രസുമായി ചേര്‍ന്നിരിക്കുമ്പോള്‍ സ്വന്തം അനുജന്‍, അനശ്വര രക്തസാക്ഷി സ. ജി. ഭുവനേശ്വരന്റെ ഓര്‍മ്മകള്‍ അങ്ങയെ പൊള്ളിക്കുമെന്നത് തീര്‍ച്ചയാണ്. 'കോണ്‍ഗ്രസാണ് ജി. ഭുവനേശ്വരനെ കൊന്നതെന്ന്' എല്ലാ ഡിസംബര്‍ 07 നും ഞങ്ങളോട് മുടങ്ങാതെ ഇത്രയും നാള്‍ പ്രസംഗിച്ചിട്ടും ഇന്ന് ആ ചോദ്യത്തിന് കോണ്‍ഗ്രസിനെ തള്ളി പറയാതിരിക്കാന്‍ അങ്ങ് കാണിച്ച മനസ്സ് തെളിയുന്നത് രക്തസാക്ഷിയായ അനുജനെക്കാള്‍ വലുതാണ് നിങ്ങള്‍ക്ക് അധികാരം എന്നാണ്.
നിങ്ങള്‍ തള്ളി പറയുന്നത് ചെങ്കൊടിയേയും സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെയുമാണ്. ഇത്രയും നാള്‍ താങ്കളെ ചേര്‍ത്തുപിടിച്ച പാര്‍ട്ടിയെയാണ്. പാര്‍ട്ടി നേതാവായത് കൊണ്ട് സ്‌നേഹിച്ച പാര്‍ട്ടി സഖാക്കളെയാണ്. സര്‍വ്വാധികാരിയായിരുന്ന സര്‍ സി. പി. യെ ചോദ്യം ചെയ്യാന്‍ മടിക്കാത്ത ആലപ്പുഴയിലെ തൊഴിലാളി വര്‍ഗ്ഗം നിങ്ങളെ തെരുവില്‍ ചോദ്യം ചെയ്യുമെന്നത് തീര്‍ച്ചയാണ്.
SFI സ. ജി. ഭുവനേശ്വന്റെ പാതയില്‍ മുന്നോട്ടു പോവും. ഇനിയും ആലപ്പുഴയിലെ സമര വിദ്യാര്‍ത്ഥിത്വം സ. ഭുവനേശ്വരന്‍ പിടിച്ച പതാകയും പൂക്കളുമായി കരിമുളക്കലിലെ രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ ഒത്തുചേരും. 'സ. ജി. ഭുവനേശ്വനെ കൊന്നത് കോണ്‍ഗ്രസാണ്' എന്ന് ഇനിയും മുദ്രാവാക്യം വിളിക്കും. അവിടെ നിങ്ങള്‍ക്കു നില്‍കാന്‍ വേണ്ടി വിദ്യാര്‍ത്ഥികള്‍ ഒഴിച്ചിടാറുള്ള സ്ഥലം ഇനി ഉണ്ടാവില്ല!
രക്തസാക്ഷിക്കു മരണമില്ല
അവര്‍ തന്ന കൊടികള്‍ക്ക് പതനമില്ല...