കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിന് പിന്നാലെ പാളയത്ത് ഉണ്ടായ സംഘര്‍ഷങ്ങളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
ആക്രമണത്തില്‍ മ്യൂസിയം എസ്.എച്ച്.ഒ അനൂപിന്റെ ഇടത് കൈയിലെ എല്ലൊടിഞ്ഞെന്നും മറ്റ് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും എഫ്‌ഐആറിലുണ്ട്.
കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിനും, വിജയാഹ്ലാദ പ്രകടനത്തിനിടെ പോലീസിനെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളിലുമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.
കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരം പാളയത്ത് ഉണ്ടായ സംഘര്‍ഷങ്ങളില്‍ കണ്ടോണ്‍മെന്റ് പോലീസ് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി വിവരമില്ല. കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിനും, വിജയാഹ്ലാദ പ്രകടനത്തിനിടെ പോലീസിനെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളിലുമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.
ഇന്നലെ രാവിലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകനായ അഭിജിത്ത് സജിയോട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഐഡി കാര്‍ഡ് ആവശ്യപ്പെടുകയും അത് നല്‍കാത്തതിനെ തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അഭിജിത്തിനെ അസഭ്യം വിളിക്കുകയും മതിലിനോട് ചേര്‍ത്തുനിര്‍ത്തി മുഖത്തും തലയിലും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് എഫ്‌ഐആറില്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ആഷിഖ്, അര്‍ജുന്‍, വൈഭവ് ചാക്കോ, ഹരികൃഷ്ണന്‍ എന്നീ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാത്രി 10 മണിയോടെ എസ്.എഫ്.ഐ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് രണ്ടാമത്തെ സംഘര്‍ഷമുണ്ടായത്. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം വച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരും കെ.എസ്.യു പ്രവര്‍ത്തകരും ഏറ്റുമുട്ടി. പരസ്പരം കല്ലെറിഞ്ഞ ശേഷം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘര്‍ഷം തടയാന്‍ ശ്രമിച്ച പോലീസുകാരെ ആക്രമിച്ചുവെന്നുമാണ് ആരോപണം. ആക്രമണത്തില്‍ മ്യൂസിയം എസ്.എച്ച്.ഒ അനൂപിന്റെ ഇടത് കൈയിലെ എല്ലൊടിഞ്ഞെന്നും മറ്റ് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും എഫ്‌ഐആറിലുണ്ട്.