കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ വൻ വിജയം നേടി എസ്.എഫ്.ഐ
കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ എസ്.എഫ്.ഐക്ക് വൻ മുന്നേറ്റം. വിവിധ കോളേജുകളിൽ യു.ഡി.എസ്.എഫിൽ നിന്നും എം.എസ്.എഫിൽ നിന്നും കെ.എസ്.യുവിൽ നിന്നും യൂണിയനുകൾ തിരിച്ചുപിടിച്ച എസ്.എഫ്.ഐ, നിരവധി ക്യാമ്പസുകളിൽ മുഴുവൻ സീറ്റുകളിലും വിജയിച്ചു.
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ എസ്.എഫ്.ഐക്ക് വൻ മുന്നേറ്റം. വിവിധ കോളേജുകളിൽ യു.ഡി.എസ്.എഫിൽ നിന്നും എം.എസ്.എഫിൽ നിന്നും കെ.എസ്.യുവിൽ നിന്നും യൂണിയനുകൾ തിരിച്ചുപിടിച്ച എസ്.എഫ്.ഐ, നിരവധി ക്യാമ്പസുകളിൽ മുഴുവൻ സീറ്റുകളിലും വിജയിച്ചു. ഗുരുവായൂരപ്പൻ കോളേജിൽ ചരിത്രത്തിലാദ്യമായി സമ്പൂർണ വിജയം നേടുന്ന സംഘടനയായും എസ്.എഫ്.ഐ മാറി. പൊന്നാനി എം.ഇ.എസ് കോളേജും മലപ്പുറം ഫാത്തിമ കോളേജും യു.ഡി.എസ്.എഫിൽ നിന്ന് തിരിച്ചുപിടിച്ചതും ശ്രദ്ധേയമായി.
ആറ് വർഷത്തിന് ശേഷം വളാഞ്ചേരി സി.പി.എ കോളേജ് എം.എസ്.എഫിൽ നിന്നും രണ്ട് വർഷത്തിന് ശേഷം വയനാട് പഴശ്ശിരാജ കോളേജ് കെ.എസ്.യുവിൽ നിന്നും നാല് വർഷത്തിന് ശേഷം വളാഞ്ചേരി ലുമിനസ് കോളേജ് യു.ഡി.എസ്.എഫിൽ നിന്നും എസ്.എഫ്.ഐ തിരിച്ചുപിടിച്ചു. നിലമ്പൂർ ഗവൺമെന്റ് കോളേജിൽ മുഴുവൻ സീറ്റുകളിലും വിജയിച്ച് യൂണിയൻ തിരിച്ചുപിടിച്ച എസ്.എഫ്.ഐ, താമരശ്ശേരി ഐ.എച്ച്.ആർ.ഡി കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, മലപ്പുറം അൽഷിഫാ കോളേജ് എന്നിവിടങ്ങളിലും നേട്ടമുണ്ടാക്കി. മഞ്ചേരി എൻ.എസ്.എസ് കോളേജിലും എസ്.എഫ്.ഐക്ക് മികച്ച വിജയമാണ് ലഭിച്ചത്.
പാലക്കാട് ജില്ലയിലും എസ്.എഫ്.ഐയുടെ മുന്നേറ്റം തുടർന്നു. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ യൂണിയൻ നിലനിർത്തിയ സംഘടന, ആലത്തൂർ എസ്.എൻ കോളേജിലും മേഴ്സി ബി.എഡ് കോളേജിലും എതിരില്ലാത്ത വിജയം നേടി. കൊഴിഞ്ഞാമ്പാറ ഗവൺമെന്റ് കോളേജ് കെ.എസ്.യുവിൽ നിന്ന് തിരിച്ചുപിടിച്ചു. മലമ്പുഴ സി.എ.എസിലും എസ്.എഫ്.ഐക്ക് മികച്ച വിജയമുണ്ടായി. തൃത്താല ഗവൺമെന്റ് കോളേജ് മൂന്ന് വർഷത്തിന് ശേഷം യു.ഡി.എസ്.എഫ് സഖ്യത്തിൽ നിന്ന് തിരിച്ചുപിടിച്ച എസ്.എഫ്.ഐ, ഇ.എം.എസിന്റെ കലാലയത്തിലും മുന്നേറ്റം നടത്തി. സെന്റ് തോമസ് കോളേജിൽ മുഴുവൻ സീറ്റുകളിലും വിജയിച്ചു.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ഗുരുദേവ ആർട്സ് ആൻഡ് സയൻസ് കോളേജ്, കോടഞ്ചേരി ഗവൺമെന്റ് കോളേജ്, പേരാമ്പ്ര സി.കെ.ജി ഗവൺമെന്റ് കോളേജ്, മുചുകുന്ന് ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ചു. ചേളന്നൂർ എസ്.എൻ കോളേജ്, ഒഞ്ചിയം കോ-ഓപ്പറേറ്റീവ് കോളേജ്, പന്തീരാങ്കാവ് പി.വി.എസ് കോളേജ്, കൊടുവള്ളി ഗവൺമെന്റ് കോളേജ്, മീഞ്ചന്ത ഗവൺമെന്റ് ആർട്സ് കോളേജ്, മടപ്പള്ളി ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിലും മികച്ച വിജയം നേടി. തൃശൂർ ക്രൈസ്റ്റ് കോളേജ്, കേരളവർമ കോളേജ്, ചേലക്കര ആർട്സ് കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളിലും വിജയിച്ചതോടെ കാലിക്കറ്റ് സർവകലാശാലാ പരിധിയിലെ ക്യാമ്പസുകളിൽ എസ്.എഫ്.ഐയുടെ മുന്നേറ്റം കൂടുതൽ ശ്രദ്ധേയമായി.