പാലക്കാട് കൗൺസിലർ പ്രശോഭ് സി. വത്സനെതിരായ ലൈംഗിക പീഡന കേസ്; ഇടപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ

ഉടനെ നടപടിയെടുക്കണമെന്നും ഇതുവരെ സ്വീകരിച്ച നടപടികളെ പറ്റി റിപ്പോർട്ട് നൽകണമെന്നും ആവശ‍്യപ്പെട്ട് ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്‍റെ ഇടപെടൽ.

 

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ്  കൗൺസിലർ പ്രശോഭ് സി.വത്സനെതിരായ ലൈംഗിക പീഡന കേസിൽ ഇടപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ. ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു ഇ‍യാൾക്കെതിരേയുണ്ടായ പരാതി. ഉടനെ നടപടിയെടുക്കണമെന്നും ഇതുവരെ സ്വീകരിച്ച നടപടികളെ പറ്റി റിപ്പോർട്ട് നൽകണമെന്നും ആവശ‍്യപ്പെട്ട് ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്‍റെ ഇടപെടൽ.

പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് പലതവണ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. യുവതി മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയതിനെ തുടർന്നാണ് പ്രശോഭിനെതിരേ കേസെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം യുവതിയുടെ വീട്ടിലെത്തിയാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് കാറിൽ കൊണ്ടുപോകുന്നതിനിടെയും പീഡനം തുടർന്നു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വച്ചും അതിക്രമം കാട്ടി. ഭീഷണിപ്പെടുത്തി നഗരത്തിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.

അവിടെ വച്ച് പ്രതിയുടെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തി. താൻ ആക്രമിക്കപ്പെടുമെന്ന ഭയത്താലാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് യുവതി വ്യക്തമാക്കുന്നു. ഗർഭിണിയാണെന്നറിയിച്ചപ്പോൾ അലസിപ്പിക്കാനുള്ള മരുന്ന് കഴിക്കാൻ നിർബന്ധിപ്പിച്ചെന്നും പിന്നീടാണ് താൻ ചതിക്കപ്പെട്ടെന്ന് മനസിലായതെന്നും പരാതിയിലുണ്ട്.