തൃശൂരിൽ വയോധിക കൊല്ലപ്പെട്ട സംഭവം:പീഡനം നടന്നിട്ടില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പീഡനം നടന്നിട്ടില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വയോധികയുടേത് മുങ്ങിമരണമായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

 

തൃശൂര്‍: വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പീഡനം നടന്നിട്ടില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വയോധികയുടേത് മുങ്ങിമരണമായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ചേലക്കര സ്വദേശിനിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ശനിയാഴ്ച കര്‍ണ്ണംകോട് റെയില്‍വേഗേറ്റിനു സമീപം കിണറ്റില്‍നിന്ന് ഇവരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പ്രതി പെരുമ്പാവൂര്‍ സ്വദേശി സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നു. വയോധികയെ പ്രതി ശാരീരികമായി ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

ബലാത്സംഗശ്രമത്തിനിടെ പ്രതിയുടെ മര്‍ദ്ദനമേറ്റ് വയോധിക ബോധരഹിതയായപ്പോള്‍ അവര്‍ മരിച്ചെന്ന് തെറ്റിദ്ധരിച്ചാണ് മൃതദേഹം കിണറ്റില്‍ തള്ളിയത്. തെളിവ് നശിപ്പിക്കാനായി കഴുത്തില്‍ കല്ലുകെട്ടി കിണറ്റില്‍ താഴ്ത്തുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മകന്‍  മൃതദേഹം ഏറ്റുവാങ്ങി. കൂടുതല്‍ അന്വേഷണത്തിനായി റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.