‘ വിവരം അറിഞ്ഞത് മുതൽ എനിക്ക് കരച്ചിൽ നിയന്ത്രിക്കാനായിട്ടില്ല’ ; ലൈംഗികാതിക്രമം ചെറുത്ത യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി പാർവതി തിരുവോത്ത്

ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ തൊഴിലുടമയുടെ ക്രൂരമർദനത്തിന് ഇരയായി മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷമായ പ്രതിഷേധവുമായി നടി പാർവതി തിരുവോത്ത്. ബെംഗളൂരുവിൽ തെരുവുനായ സംരക്ഷണ കേന്ദ്രം നടത്തിയിരുന്ന സുനിത സ്മിത (47) കൊല്ലപ്പെട്ട സംഭവത്തിലാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം തന്റെ രോഷവും സങ്കടവും പങ്കുവെച്ചത്. കുറ്റാരോപിതനായ തൊഴിലുടമയെ അറസ്റ്റ് ചെയ്യാത്തതിനെയും പാർവതി ചോദ്യം ചെയ്തു.

 

 തിരുവനന്തപുരം : ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ തൊഴിലുടമയുടെ ക്രൂരമർദനത്തിന് ഇരയായി മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷമായ പ്രതിഷേധവുമായി നടി പാർവതി തിരുവോത്ത്. ബെംഗളൂരുവിൽ തെരുവുനായ സംരക്ഷണ കേന്ദ്രം നടത്തിയിരുന്ന സുനിത സ്മിത (47) കൊല്ലപ്പെട്ട സംഭവത്തിലാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം തന്റെ രോഷവും സങ്കടവും പങ്കുവെച്ചത്. കുറ്റാരോപിതനായ തൊഴിലുടമയെ അറസ്റ്റ് ചെയ്യാത്തതിനെയും പാർവതി ചോദ്യം ചെയ്തു.

“ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സ്നേഹവും അനുകമ്പയുമുള്ള സ്ത്രീകളിൽ ഒരാൾ തന്റെ കൊലയാളിയുടെ ലൈംഗികാതിക്രമത്തെ ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ടിരിക്കുന്നു. ഈ വിവരം അറിഞ്ഞത് മുതൽ എനിക്ക് കരച്ചിൽ നിയന്ത്രിക്കാനായിട്ടില്ല,” പാർവതി കുറിച്ചു. സുനിതയുടെ തൊഴിലുടമ ആരാണെന്നും അയാൾ എന്തുകൊണ്ടാണ് ഇപ്പോഴും നിയമത്തിന് മുന്നിൽ വരാത്തതെന്നും താരം ചോദിച്ചു. ഇതിലൊന്നും നമുക്ക് അത്ഭുതം തോന്നാത്തത് എന്തുകൊണ്ടാണെന്ന പരിഹാസവും താരം ഉയർത്തി.

മറ്റൊരു കുറിപ്പിൽ സുനിതയുടെ ജീവിതത്തെക്കുറിച്ചും താരം വൈകാരികമായി പ്രതികരിച്ചു. ഭർത്താവും നാലുവയസ്സുകാരനായ മകനും താൻ സംരക്ഷിച്ചുപോന്ന 167 നായകൾക്കുമൊപ്പമായിരുന്നു സുനിതയുടെ ജീവിതം. നായകളെ രക്ഷിക്കുന്നതിനിടയിൽ പലതവണ അവർക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കത്തിക്കുത്തും പൊള്ളലുമടക്കം പലതിനെയും അവർ അതിജീവിച്ചു. ഒടുവിൽ തന്റെ കുടുംബത്തെയും നായകളെയും പോറ്റാൻ വരുമാനം കണ്ടെത്താനാണ് ആ കൊലപാതകിയുടെ കീഴിൽ ജോലിക്ക് ചേർന്നത്. “ദയയുള്ള ഹൃദയം അവളെ മരണത്തിലേക്ക് നയിച്ചോ? എനിക്കിത് ഉൾക്കൊള്ളാൻ കഴിയുന്നില്ല,” പാർവതി കുറിച്ചു.

പെൺകുട്ടികൾക്ക് സുരക്ഷിതമായ രാജ്യമാണിതെന്ന് നാം അവകാശപ്പെടുമ്പോഴും ഇത്തരം ക്രൂരതകൾ തുടരുന്നത് എന്തുകൊണ്ടാണെന്ന് പാർവതി ചോദിക്കുന്നു. “അവളെ കീഴ്പ്പെടുത്താൻ കഴിയാത്തതുകൊണ്ട് ആ മനുഷ്യൻ അവളെ തല്ലിക്കൊന്നു. ഇത് ആദ്യത്തെയോ അവസാനത്തെയോ സംഭവമായിരിക്കില്ല. എന്നിട്ടും നമുക്ക് എന്തിനാണ് ഫെമിനിസം എന്ന് ചോദിക്കുന്നവരുണ്ട്,” താരം കുറിച്ചു.