കെഎസ്ആർടിസി ബസിൽ വച്ച് പെൺകുട്ടികളോട് ലൈംഗിക അതിക്രമം, പ്രതിക്ക് ആറു വർഷം കഠിന തടവും 

കെഎസ്ആർടിസി ബസിൽ വെച്ച് പെൺകുട്ടികളോട് ലൈംഗിക അതിക്രമം നടത്തിയ ആൾക്ക് ആറു വർഷം കഠിന തടവും 30000 രൂപ പിഴയും .

 

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വെച്ച് പെൺകുട്ടികളോട് ലൈംഗിക അതിക്രമം നടത്തിയ ആൾക്ക് ആറു വർഷം കഠിന തടവും 30000 രൂപ പിഴയും . വിളപ്പിൽ കാവുംപുറം, കൊല്ലംകോണം സ്വദേശി ബിജു(46) നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുമാസം അധികം കഠിന തടവും അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

2023 നവംബർ 21-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ നിന്നും കെഎസ്ആർടിസി ബസിൽ വീട്ടിലേക്ക് യാത്ര ചെയ്തു വന്ന രണ്ട് പെൺകുട്ടികൾക്ക് നേരെയാണ് പ്രതി ലൈംഗിക അതിക്രമം നടത്തിയത്. കുട്ടികൾ പലതവണ എതിർത്തെങ്കിലും ഇയാൾ അക്രമം തുടർന്നു. പിന്നാലെ കുട്ടികൾ ബഹളം വെച്ചതോടെയാണ് ബസിലെ ജീവനക്കാരും നാട്ടുകാരും വിവരം അറിയുന്നത്. ഇതോടെ ബസ് വിളപ്പിൽശാല പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോവുകയും കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി.ആർ. പ്രമോദ് കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 22 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകളും രണ്ട് തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തു. വിളപ്പിൽശാല ഇൻസ്പെക്ടർ എൻ. സുരേഷ് കുമാർ ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.