ലൈംഗികാതിക്രമ കേസ് ; രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ് ആണെന്ന് പി.കെ ശ്രീമതി

ലൈംഗികാതിക്രമ കേസിൽ നടനും ഇടത് എം.എൽ.എയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതിൽ പ്രതികരിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. എം.എൽ.എ സ്ഥാനം രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ് ആണെന്ന് പി.കെ ശ്രീമതി പ്രതികരിച്ചു.

 

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ നടനും ഇടത് എം.എൽ.എയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതിൽ പ്രതികരിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. എം.എൽ.എ സ്ഥാനം രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ് ആണെന്ന് പി.കെ ശ്രീമതി പ്രതികരിച്ചു.

അവനവനാണ് ഔചിത്യപൂർവം തീരുമാനമെടുക്കേണ്ടത്. എം.എൽ.എ എന്ന നിലയിൽ ഈ വിഷയത്തിൽ താരതമ്യം ചെയ്ത് പറയാൻ നിരവധി സംഭവങ്ങളുണ്ടാകും. മുമ്പ് കാണാത്ത കാര്യങ്ങളാണ് നടക്കുന്നത്. തെറ്റുകാരനാണെങ്കിൽ അക്കാര്യം മുകേഷിനും ഇരക്കും മാത്രമേ അറിയാവൂ.

രാജി സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് മുകേഷ് ആണ്. കോടതിയുടെ തീരുമാനം വരുന്നത് വരെ മുകേഷ് കുറ്റാരോപിതൻ മാത്രമാണെന്നും പി.കെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിൽ നടനും കൊല്ലം എം.എൽ.എയുമായ മുകേഷിനെ ഇന്നലെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ മുതൽ മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഉച്ചക്ക് ഒന്നരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യമുള്ളതിനാൽ നടപടിക്രമങ്ങൾക്കു ശേഷം വിട്ടയക്കുകയായിരുന്നു.

ജാമ്യത്തിന് കോടതിയിൽ സമർപ്പിച്ച ഹരജിയിലെ വാദങ്ങൾ ചോദ്യം ചെയ്യലിലും മുകേഷ് ആവർത്തിച്ചതായാണ് അറിയുന്നത്. സെപ്റ്റംബർ ഒമ്പതിനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചത്. താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടിവ് അംഗമായിരിക്കെ മുകേഷ് അംഗത്വം വാഗ്ദാനം ചെയ്ത് മരടിലെ വില്ലയിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു ആലുവ സ്വദേശിനിയായ നടിയുടെ പരാതി.

എന്നാൽ, 14 വർഷത്തിന് ശേഷം ആരോപണവുമായി വന്നത് തന്‍റെ രാഷ്ട്രീയ ഭാവിയും സിനിമാജീവിതവും തകർക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമായിരുന്നു മുകേഷ് കോടതിയിൽ ബോധിപ്പിച്ചത്. തന്നോട് 11 ലക്ഷം രൂപ ചോദിച്ച് ചാറ്റ് ചെയ്തതിന്‍റെ ഉൾപ്പെടെ രേഖകളും നടൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

സംഭവം നടന്നത് 2010ലായിരിക്കെ പ്രതിയെ ജയിലിലാക്കി തെളിവുകളൊന്നും ശേഖരിക്കാനില്ലെന്ന് വിലയിരുത്തിയാണ് നേരത്തേ സെഷൻസ് കോടതി വ്യവസ്ഥകളോടെ മുകേഷിന് ജാമ്യം നൽകിയത്. കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ.ടി സർക്കാറിനെ സമീപിച്ചെങ്കിലും ഇക്കാര്യം പരിഗണിക്കപ്പെട്ടില്ല.

തുടർന്നാണ് മുകേഷിനെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയത്. എറണാകുളം ജനറൽ ആശുപത്രിയിൽ ലൈംഗികശേഷി പരിശോധനയടക്കം നടത്തിയ ശേഷമാണ് മുകേഷിനെ വിട്ടയച്ചത്.