ആൺവേഷം കെട്ടി ക്ലീനറായി മിനിലോറിയിൽ ജോലിക്കിറങ്ങിയിട്ടും ലൈംഗികാതിക്രമം ; ആൺസുഹൃത്ത് അറസ്റ്റിൽ
ആൺസുഹൃത്തിൽനിന്ന് ലൈംഗികാതിക്രമം നേരിട്ട പെൺകുട്ടിയെ ജീവിതത്തിലേക്ക് കരകയറ്റി റെയിൽവേ പൊലീസ്. പ്രതി വയനാട് മീനങ്ങാടി സ്വദേശി സനോജിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു.
ഷൊർണൂർ: ആൺസുഹൃത്തിൽനിന്ന് ലൈംഗികാതിക്രമം നേരിട്ട പെൺകുട്ടിയെ ജീവിതത്തിലേക്ക് കരകയറ്റി റെയിൽവേ പൊലീസ്. പ്രതി വയനാട് മീനങ്ങാടി സ്വദേശി സനോജിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു.
ജൂൺ രണ്ടിന് വയനാട്ടിൽനിന്നാണ് സംഭവങ്ങളുടെ തുടക്കം. ജീവിതപ്രയാസങ്ങളിൽനിന്ന് രക്ഷതേടി ആൺസുഹൃത്തിനൊപ്പം ആൺവേഷം കെട്ടി ജോലിക്കിറങ്ങിയതാണ് പെൺകുട്ടി. സനോജിനൊപ്പം ക്ലീനറായി മിനിലോറിയിൽ പുറപ്പെട്ട് കോഴിക്കോട്ട് വന്നു.
അവിടെ ലോഡ്‌ജിൽവെച്ച് പ്രതി ലൈംഗികാതിക്രമം നടത്തി. രക്ഷപ്പെട്ട് ഇറങ്ങിയോടിയ പെൺകുട്ടി സനോജുമായി വീണ്ടും കണ്ടുമുട്ടി പ്രശ്നം പരിഹരിച്ച് യാത്ര തുടർന്നു. എന്നാൽ, ലോറി കോട്ടയത്തെത്തിയപ്പോൾ വീണ്ടും ലൈംഗികാതിക്രമമുണ്ടായെന്നാണ് പറയുന്നത്. പിന്നീട് രക്ഷപ്പെട്ട് കോട്ടയം റെയിൽവേ സ്‌റ്റേഷൻ വഴി ട്രെയിനിൽ കയറി ഷൊർണൂരിൽ എത്തുകയായിരുന്നു.
ട്രെയിനിന്റെ വാതിൽപ്പടിയിൽ കുട്ടിയുടെ അസ്വാഭാവികമായ യാത്ര ശ്രദ്ധയിൽപ്പെട്ട പൊലീസുകാരനാണ് സംഭവങ്ങളുടെ ചുരുളഴിച്ചതെന്ന് റെയിൽവേ പൊലീസ് പറയുന്നു. ആൺകുട്ടിയുടെ വേഷത്തിലായിരുന്നു പെൺകുട്ടി. തിരിച്ചറിയൽ രേഖയുൾപ്പെടെ കാണിച്ചപ്പോഴാണ് പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്.
ജീവിതപ്രയാസങ്ങളിൽനിന്ന് രക്ഷതേടിയാണ് ആൺവേഷം കെട്ടിയതെന്ന് പൊലീസിനോട് പറഞ്ഞു. മാനസികരോഗിയായ അമ്മ മാത്രമാണുള്ളത്. അമ്മയുടെ സഹോദരിക്കൊപ്പമാണ് താമസിച്ചിരുന്നതെങ്കിലും അവിടെ ജീവിതം സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ടതോടെ ആൺവേഷത്തിൽ തൊഴിൽതേടിയിറങ്ങാൻ തീരുമാനിക്കുകയായിരുന്നു.
വൈദ്യപരിശോധനയിൽ ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയിപ്പോൾ ചെൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണത്തിലാണ്. കേസ് വയനാട് മീനങ്ങാടി പൊലീസിന് കൈമാറി.