ലഹരിയിൽ പൂണ്ടുവിളയാടി സീരിയൽ നടി; കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി പൊലിസ് തടിയൂരി

ആശുപത്രിയില്‍ പരാക്രമം നടത്തിയ സീരിയൽ, സിനിമാ നടി അശ്വതി ബാബുവിനെ ലഹരി വിമുക്ത മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

 

കൂത്തുപറമ്പ്: ആശുപത്രിയില്‍ പരാക്രമം നടത്തിയ സീരിയൽ, സിനിമാ നടി അശ്വതി ബാബുവിനെ ലഹരി വിമുക്ത മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലാണ് മയക്കുമരുന്നു ലഹരിയില്‍ സീരിയല്‍ സിനിമാ നടി പരാക്രമം നടത്തിയത്. ഇതോടെ പൊല്ലാപ്പിലായത് ആശുപത്രി ജീവനക്കാരും പൊലിസുമാണ്.

ഇതിനകം തന്നെ ലഹരിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ നടി അശ്വതി ബാബുവാണ് ലഹരിയില്‍ മട്ടന്നൂര്‍ പൊലിസിനോടും പിന്നീട് ഇവരെ പ്രവേശിപ്പിച്ച കൂത്തുപറമ്പ്  ഗവ. ആശുപത്രിയിലെ ജീവനക്കാര്‍ക്കുനേരെയും കഴിഞ്ഞ ദിവസം പരാക്രമം നടത്തിയത്. പിന്നീട് മണിക്കൂറുകള്‍ക്കു ശേഷം ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

മട്ടന്നൂര്‍ ലോഡ്ജില്‍ താമസിച്ചിരുന്ന അശ്വതിയെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് കൂടെയുള്ളവര്‍ കൂത്തുപറമ്പ് ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ അശ്വതിക്ക് വേണ്ട ചികിത്സ ലഭ്യമാക്കിയെങ്കിലും  അവിടെയുള്ള ജീവനക്കാരുടെയും,രോഗികളുടെയും നേരെ അവര്‍ തട്ടികയറുകയും, പരാക്രമം നടത്തുകയും ചെയ്യുകയായിരുന്നു. ഇതോടെ മെഡിക്കല്‍ ഓഫീസര്‍ മട്ടന്നൂര്‍ പൊലിസിൻ വിവരം അറിയിക്കുകയായിരുന്നു.

താന്‍ തുടര്‍ച്ചയായി ലഹരി ഉപയോഗിച്ചു വരികയാണെന്നും, ആശുപത്രിയിലെത്തിച്ചവരുടെ ഒപ്പം താന്‍ പോകില്ലെന്നും, തനിക്ക് പൊലിസിന്റെ പ്രൊട്ടക്ഷന്‍ ആവശ്യമാണെന്നും നടി പറഞ്ഞതായി ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. വിവരമറിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസിനുനേരെയും നടിയുടെ പരാക്രമം തുടര്‍ന്നു. പിന്നീട് ഇവരെ ആംബുലന്‍സില്‍ പോലിസ് അകമ്പടിയോടെ കോഴിക്കോട്ടേ ലഹരി വിമുക്ത-മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.