'സെന്യാര്‍ വരുന്നു'; പുതിയ ചുഴലിക്കാറ്റില്‍ ജാഗ്രതാ മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി).അടുത്ത ദിവസങ്ങളില്‍ ഇത് ചുഴലിക്കാറ്റായി രൂപപ്പെടാൻ സാദ്ധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമർദ്ദം ശക്തിപ്രാപിച്ച്‌ ചുഴലിക്കാറ്റായി മാറുകയാണെങ്കില്‍ അതിന് 'സെന്യാർ' എന്ന പേരായിരിക്കും നല്‍കുകയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി).അടുത്ത ദിവസങ്ങളില്‍ ഇത് ചുഴലിക്കാറ്റായി രൂപപ്പെടാൻ സാദ്ധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

'മലാക്ക കടലിടുക്കിന്റെ മദ്ധ്യഭാഗങ്ങളില്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ മലാക്ക കടലിടുക്കിനും അതിനോട് ചേർന്നുള്ള തെക്കൻ ആൻഡമാൻ കടലിനും മുകളിലായി നവംബർ 22ന് ന്യൂനമർദ്ദം രൂപപ്പെട്ടു.നവംബർ 24 ഓടെ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറേയ്ക്ക് നീങ്ങാനും തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദമായി ശക്തിപ്പെടാനും സാദ്ധ്യതയുണ്ട്.

പടിഞ്ഞാറ്-വടക്കുപടിഞ്ഞാറേയ്ക്ക് നീങ്ങുന്നത് തുടരുന്നതിനാല്‍ തുടർന്നുള്ള 48 മണിക്കൂറിനുള്ളില്‍ തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ കൂടുതല്‍ ശക്തിപ്പെടാൻ സാദ്ധ്യതയുണ്ട്'- എന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. നവംബർ 25 ഓടെ കൊമോറിൻ, തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുള്ളതായും ഐഎംഡി സൂചന നല്‍കുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമർദ്ദം ശക്തിപ്രാപിച്ച്‌ ചുഴലിക്കാറ്റായി മാറുകയാണെങ്കില്‍ അതിന് 'സെന്യാർ' എന്ന പേരായിരിക്കും നല്‍കുകയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സിംഹം എന്നർത്ഥമുള്ള പേര് യുഎഇയുടെ സംഭാവനയാണ്. ഐഎംഡിയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമ്ബോള്‍ മാത്രമാണ് അതിന് ഔദ്യോഗികമായി പേര് നല്‍കുക.

ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാദ്ധ്യതയുള്ളതിനാല്‍ നവംബർ 25 വരെ ആൻഡമാൻ കടലിലും തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശമുണ്ട്. തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനുള്ള മുന്നറിയിപ്പ് നവംബർ 28 വരെ നീട്ടിയിട്ടുണ്ട്.