‘സെൽഫ് എന്യുമറേഷൻ’ നടപടികൾക്ക് നാളെ തുടക്കമാകും

 
 2027-ലെ സെൻസസിന്റെ ഭാഗമായുള്ള ‘സെൽഫ് എന്യുമറേഷൻ’ നടപടികൾക്ക് നാളെ തുടക്കമാകും. ഔദ്യോഗിക സെൻസസ് പോർട്ടൽ വഴി അടുത്ത 15 ദിവസത്തേക്ക് കുടുംബാംഗങ്ങളുടെ വിവരങ്ങൾ നേരിട്ട് രേഖപ്പെടുത്താൻ അവസരമുണ്ട്. സെൻസസ് ചരിത്രത്തിൽ ആദ്യമായാണ് പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ വിവരങ്ങൾ സമർപ്പിക്കാൻ അവസരം ഒരുക്കുന്നത്. ഓൺലൈനായി വിവരങ്ങൾ നൽകാൻ കഴിയാത്തവർക്ക്, ജൂലൈ 1 മുതൽ 30 വരെ വീടുകളിലെത്തുന്ന എന്യൂമറേറ്റർമാർക്ക് വിവരങ്ങൾ നേരിട്ട് കൈമാറാവുന്നതാണ്.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള എട്ടാമത് ജനസംഖ്യാ കണക്കെടുപ്പാണിത്. നിലവിൽ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് സെൻസസിൽ ഉൾപ്പെടുത്തേണ്ടത്. അതേസമയം, അടച്ചിട്ടിരിക്കുന്ന വീടുകളിലെയും പ്രവാസികളായവരുടെ വിവരങ്ങളും ഇത്തവണത്തെ സെൻസസിൽ ഉൾപ്പെടുത്തില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്തുടനീളം സെൻസസ് പ്രവർത്തനങ്ങൾക്കായി 61,282 എന്യൂമറേറ്റർമാരെയും 10,189 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. അധ്യാപകരായ എന്യൂമറേറ്റർമാർക്ക് ഡ്യൂട്ടി സംബന്ധിച്ച ക്രമീകരണങ്ങൾ ഉടൻ തന്നെ സർക്കാർ അറിയിക്കും.