സിപിഎം തിരുവല്ല ഘടകത്തിൽ വിഭാഗീയത കടുക്കുന്നു

സിപിഎം തിരുവല്ല ഘടകത്തിൽ വിഭാഗീയത കടുക്കുന്നു. കടുത്ത വിഭാഗീയതയെ തുടർന്ന് രണ്ടുവട്ടം നിർത്തിവെച്ച തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനത്തിന്‍റെ പ്രവർത്തന റിപ്പോർട്ട് പുറത്ത്.

 

സജിമോനെതിരെ നടപടി എടുത്ത തോമസ് ഐസക്കിനോട് കടുത്ത വിരോധമാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന് ഉള്ളതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

പി വി സതീഷ് കുമാർ

തിരുവല്ല: സിപിഎം തിരുവല്ല ഘടകത്തിൽ വിഭാഗീയത കടുക്കുന്നു. കടുത്ത വിഭാഗീയതയെ തുടർന്ന് രണ്ടുവട്ടം നിർത്തിവെച്ച തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനത്തിന്‍റെ പ്രവർത്തന റിപ്പോർട്ട് പുറത്ത്. റിപ്പോർട്ടിലെ വിമർശനം ചർച്ചയാകാതിരിക്കാൻ പ്രതിനിധികളിൽ നിന്ന് തിരികെ വാങ്ങിയ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നേതാക്കൾക്കെതിരെ കടുത്ത വിമർശനമാണ് റിപ്പോർട്ടിൽ ഉള്ളത്. 

പീഡനക്കേസ് പ്രതിയായ ലോക്കൽ കമ്മിറ്റി നേതാവായ സി.സി സജിമോനെ സംരക്ഷിക്കുന്നത് ഏരിയ കമ്മിറ്റിയിലെ ഒരു വിഭാഗം മുതിർന്ന നേതാക്കൾ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. സജിമോനെതിരെ നടപടി എടുത്ത തോമസ് ഐസക്കിനോട് കടുത്ത വിരോധമാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന് ഉള്ളതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്നും മത്സരിച്ച തോമസ് ഐസക്കിനെ പരാജയപ്പെടുത്താൻ ഒരു വിഭാഗം നേതാക്കൾ പ്രവർത്തിച്ചതായും റിപ്പോർട്ടിൽ ആരോപണം ഉണ്ട്. 

ഡിസംബർ 11നാണ് തിരുവല്ല ഏരിയ സമ്മേളനം നടക്കുന്നത്. അതിനുമുമ്പായി ടൗൺ നോർത്ത് ലോക്കൽ നടക്കണം. പക്ഷേ സമ്മേളനം നടത്തുന്നതുമായി ബന്ധപ്പെട്ട്  സമവാക്യം ഉണ്ടാക്കുവാൻ ഇതുവരെ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഈ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് നേതൃത്വത്തെ വെട്ടിലാക്കി പ്രവർത്തന റിപ്പോർട്ട് പുറത്തായിരിക്കുന്നത്.