കെ.കരുണാകരനു ശേഷം ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന രണ്ടാമത്തെ മുഖ്യമന്ത്രി; ദർശനം നടത്തിയത് 4,500 രൂപ അടച്ച്
മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂരിൽ ദർശനം നടത്തി.റവന്യു മന്ത്രി എ.പി.അനിൽകുമാറിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കൂടിയാണ് മുഖ്യമന്ത്രി ഇന്നലെ ഗുരുവായൂരിൽ എത്തിയത്. ക്ഷേത്രം തെക്കെ നടയിൽ ശ്രീവത്സം ഗെസ്റ്റ് ഹൗസിനു മുന്നിൽ കാറിൽ ഇറങ്ങിയ അദ്ദേഹം നേരെ ക്ഷേത്ര നടയിലേക്ക് നടന്നു. വധൂവരന്മാരെ ആശീർവദിച്ച് അവർക്കൊപ്പം ഫോട്ടോയെടുത്ത് മുഖ്യമന്ത്രി നേരെ ക്ഷേത്രദർശനത്തിനായി അകത്തേക്ക് പ്രവേശിച്ചു.
ഗുരുവായൂർ : മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂരിൽ ദർശനം നടത്തി.റവന്യു മന്ത്രി എ.പി.അനിൽകുമാറിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കൂടിയാണ് മുഖ്യമന്ത്രി ഇന്നലെ ഗുരുവായൂരിൽ എത്തിയത്. ക്ഷേത്രം തെക്കെ നടയിൽ ശ്രീവത്സം ഗെസ്റ്റ് ഹൗസിനു മുന്നിൽ കാറിൽ ഇറങ്ങിയ അദ്ദേഹം നേരെ ക്ഷേത്ര നടയിലേക്ക് നടന്നു. വധൂവരന്മാരെ ആശീർവദിച്ച് അവർക്കൊപ്പം ഫോട്ടോയെടുത്ത് മുഖ്യമന്ത്രി നേരെ ക്ഷേത്രദർശനത്തിനായി അകത്തേക്ക് പ്രവേശിച്ചു.
ധരിച്ചിരുന്ന ഷർട്ട് നടയ്ക്കൽ വച്ചു തന്നെ അഴിച്ച് ഒപ്പമുള്ളയാളെ ഏൽപി വേഷ്ടി പുതച്ച് കൊണ്ട് അകത്തേക്ക് കടന്നു. ദർശനത്തിനായി മറ്റാരും തന്റെ കൂടെ വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. വി.ഡി.സതീശൻ വരുമ്പോഴെല്ലാം ദർശനത്തിന് അനുഗമിക്കാറുള്ള ദേവസ്വത്തിലെ മുൻ ജീവനക്കാരൻ ടി.കെ.ഗോപാലകൃഷ്ണൻ 4500 രൂപയടച്ച് 5 പേർക്ക് ക്യൂ നിൽക്കാതെ ദർശനത്തിനുള്ള നെയ് വിളക്ക് ടിക്കറ്റ് എടുത്തു വച്ചിരുന്നു. ഈ സൗകര്യം ഉപയോഗിച്ചാണ് മുഖ്യമന്ത്രി ദർശനം നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രവേശനസമയത്ത് ക്ഷേത്രത്തിൽ ശീവേലി സമയമായിരുന്നു. ശീവേലി കഴിഞ്ഞ് കണ്ണന്റെ തങ്കത്തിടമ്പ് തൊഴുത് ശീവേലിക്കൊപ്പം അകത്തു കടന്ന് ദർശനം നടത്തി. കദളിക്കുലയും നെയ്യും നടയ്ക്കൽ സമർപ്പിച്ചു. മേൽശാന്തി തെക്കുംപറമ്പത്ത് നാരായണൻ നമ്പൂതിരി പ്രസാദം നൽകി.
നാലമ്പലത്തിൽ നിന്നു പുറത്തു കടന്നതോടെ ജനം മുഖ്യമന്ത്രിക്ക് ചുറ്റും കൂടി. എല്ലാവരോടും കുശലം പറഞ്ഞും ചിരിച്ചും മുന്നോട്ടു നീങ്ങി. ഭഗവതിയെയും അയ്യപ്പനെയും തൊഴുതു പ്രദക്ഷിണം വയ്ക്കുമ്പോൾ തിടപ്പള്ളിയിൽ നിന്ന് നേദിക്കാനുള്ള പാൽപായസം ശ്രീലകത്തേക്ക് കൊണ്ടു പോകാനായി പ്രദക്ഷിണ വഴിയിൽ ഭക്തരെ തടഞ്ഞ സമയമായിരുന്നു. മുഖ്യമന്ത്രിക്ക് പോകാനായി വഴി ഒരുക്കാൻ പൊലീസ് ശ്രമിച്ചപ്പോൾ അദ്ദേഹം തടഞ്ഞു. പാൽപായസം കൊണ്ടു പോയി കഴിയുന്നതു വരെ ഭക്തർക്കൊപ്പം കാത്തു നിന്നു. തുടർന്ന് വെണ്ണ കൊണ്ടും മണിക്കിണറിലെ തീർഥം കൊണ്ടും തുലാഭാരം നടത്തി. 71 കിലോഗ്രാം വെണ്ണ വേണ്ടി വന്നു. ഇതിന്റെ തുക 32,050 രൂപ ദേവസ്വത്തിലടച്ചു. മണിക്കിണറിലെ തീർഥം കൊണ്ടുള്ള തുലാഭാരത്തിന് 200 രൂപയായിരുന്നു ചെലവ്. ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രിയെ കണ്ട് ജനം ആരവം മുഴക്കി. ക്യു നിന്നവർ കമ്പിവേലി ചാടിക്കടന്ന് അദ്ദേഹത്തിനു സമീപത്തേക്ക് ഓടിയടുത്തു. ഒപ്പം നിൽക്കാനും വിശേഷം പറയാനും ഫോട്ടോ എടുക്കാനും തിരക്കായി. ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി നാളികേരമുടച്ച് അദ്ദേഹം ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തി. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് സ്വീകരിച്ചു. 31 വർഷത്തിനിപ്പുറം കെ.കരുണാകരനു ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന രണ്ടാമത്തെ കേരള മുഖ്യമന്ത്രിയായി മാറി വി.ഡി.സതീശൻ.