കടലില്‍ കാണാതായ  ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതം; തിരച്ചിലിനായായുള്ള ഹെലികോപ്റ്ററുകൾ അമൃതപുരി എൻജിനീയറിങ് കോളജ് ഗ്രൗണ്ടിൽ ഇറക്കി ഇന്ധനം നിറച്ചു  

നീണ്ടകരയിലുണ്ടായ ബോട്ട് അപകടത്തിൽ കാണാതായ  ഗൗതം കൃഷ്ണയെ കണ്ടെത്താനുള്ള തിരച്ചിലുകൾ കൂടുതൽ ഊർജിതമാക്കി  കോസ്റ്റ് ഗാര്‍ഡ്. ആകാശമാർഗ്ഗമുള്ള തിരച്ചിൽ ഏകോപിപ്പിക്കുന്നതിനായി കോസ്റ്റ് ഗാർഡിന്റെ രണ്ട് ഹെലികോപ്റ്ററുകളും ഇന്ന് തിരച്ചില്‍ നടത്തി. കൊല്ലം അമൃതപുരി എന്‍ജിനീയറങ്ങ് കോളജിന്‍റെ മൈതാനത്ത് ഇറക്കി ഇന്ധനം നിറച്ചാണ് ഹെലികോപ്റ്ററുകള്‍ പറന്നത്

 

കൊല്ലം:  നീണ്ടകരയിലുണ്ടായ ബോട്ട് അപകടത്തിൽ കാണാതായ  ഗൗതം കൃഷ്ണയെ കണ്ടെത്താനുള്ള തിരച്ചിലുകൾ കൂടുതൽ ഊർജിതമാക്കി  കോസ്റ്റ് ഗാര്‍ഡ്. ആകാശമാർഗ്ഗമുള്ള തിരച്ചിൽ ഏകോപിപ്പിക്കുന്നതിനായി കോസ്റ്റ് ഗാർഡിന്റെ രണ്ട് ഹെലികോപ്റ്ററുകളും ഇന്ന് തിരച്ചില്‍ നടത്തി. കൊല്ലം അമൃതപുരി എന്‍ജിനീയറങ്ങ് കോളജിന്‍റെ മൈതാനത്ത് ഇറക്കി ഇന്ധനം നിറച്ചാണ് ഹെലികോപ്റ്ററുകള്‍ പറന്നത്. ഇതിനായി ഇന്ധ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ഏവിയേഷന്‍ ഫ്യൂവല്‍ ടാങ്കറും അമൃതപുരിയിലെ ഹെലിപ്പാഡില്‍ എത്തിച്ചു. 

ഒരു തവണ ഇന്ധനം നിറച്ചാല്‍ ഏതാണ്ട് മൂന്നരമണിക്കൂറോളം ഹെലികോപ്റ്ററിന് പറക്കാം. തിരച്ചില്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനായി യുദ്ധകാലഅടിസ്ഥാനത്തിലാണ് അമൃതപുരി കോളജ് മൈതാനത്ത് ഹെലിപാഡ് നിര്‍മ്മാണം മാതാ അമൃതാനനന്ദമയി മഠം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിയ്ക്ക് ആരംഭിച്ച പ്രവൃത്തി ഞായറാഴ്ച രാവിലെ 10 മണിയോടെ പൂര്‍ത്തിയാക്കി നാവികസേനയ്ക്ക് കൈമാറുകയായിരുന്നു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഒറ്റ രാത്രി കൊണ്ട് മഠം ഹെലിപാഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 

ഇന്ധനം നിറക്കാനുള്ള സൌകര്യം കൂടി ഹെലിപാഡില്‍ ഒരുക്കിയതോടെ തിരച്ചില്‍ കൂടുതല്‍ കാര്യക്ഷമമായതായി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും പ്രതികരിച്ചു. ഗൌതം കൃഷ്ണയെ കണ്ടത്താനാവശ്യായ ഏതൊരു നീക്കത്തിനും മാതാ അമൃതാനന്ദമയി മഠം പൂര്‍ണപിന്തുണ നല്‍കുമെന്ന് അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്മചാരി ദേവിദാസ് ചൈതന്യയും വ്യക്തമാക്കി.