ബെംഗളുരുവില്‍ അസമീസ് പെണ്‍കുട്ടിയെ കൊല ചെയ്ത ശേഷം രക്ഷപ്പെട്ട കണ്ണൂര്‍ സ്വദേശി ആരവിനായി അന്വേഷണം തുടരുന്നു


ആരവിനെ കണ്ട ബെംഗളുരു മജസ്റ്റിക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പരമാവധി സിസിടിവികള്‍ പരിശോധിച്ച് വരികയാണ് പൊലീസ്.

 

ബെംഗളുരു നഗരം കേന്ദ്രീകരിച്ചും, ആരവ് പോകാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചുമാകും രണ്ട് സംഘങ്ങളും അന്വേഷണം നടത്തുക.

ബെംഗളുരുവില്‍ അസമീസ് പെണ്‍കുട്ടിയെ കുത്തിക്കൊന്ന് രക്ഷപ്പെട്ട കണ്ണൂര്‍ സ്വദേശി ആരവ് ഹനോയ് മൂന്നാം ദിവസവും കാണാമറയത്ത്. ആരവിനെ പിടികൂടാന്‍ രണ്ട് അന്വേഷണസംഘങ്ങള്‍ രൂപീകരിച്ചതായി ബെംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ് വ്യക്തമാക്കി. ബെംഗളുരു നഗരം കേന്ദ്രീകരിച്ചും, ആരവ് പോകാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചുമാകും രണ്ട് സംഘങ്ങളും അന്വേഷണം നടത്തുക.


ആരവിനെ കണ്ട ബെംഗളുരു മജസ്റ്റിക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പരമാവധി സിസിടിവികള്‍ പരിശോധിച്ച് വരികയാണ് പൊലീസ്. ഇന്നലെ കണ്ണൂരിലെ തോട്ടടയിലുള്ള ആരവിന്റെ വീട്ടിലെത്തിയ കര്‍ണാടക പൊലീസിന് നിര്‍ണായക വിവരങ്ങളൊന്നും കിട്ടിയില്ലെന്നാണ് സൂചന. ക്യാന്‍സര്‍ രോഗിയായ മുത്തച്ഛന്‍ മാത്രമാണ് ആരവിന്റെ വീട്ടിലുള്ളത്. പ്രണയപ്പകയോ പരസ്പരമുള്ള അഭിപ്രായ ഭിന്നതകളോ ആണ് മായയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.

കഴിഞ്ഞ ആറ് മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. മായ ഇത് തന്റെ സഹോദരിയോട് പറഞ്ഞിരുന്നു. മായയുടെ ഫോണ്‍ പരിശോധിച്ച പൊലീസിന് ആരവുമായി മണിക്കൂറുകള്‍ കോളുകള്‍ വഴിയും ചാറ്റുകള്‍ വഴിയും മായ സംസാരിച്ചെന്ന് കണ്ടെത്താനായിട്ടുണ്ട്. ചില സമയത്ത് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളിലൂടെ വ്യക്തമാകുന്നുണ്ട്.

ഇന്ദിരാനഗറിലെ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പോയ ആരവ് മജസ്റ്റിക് റെയില്‍വേ സ്റ്റേഷനിലെത്തിയ പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായി വ്യക്തമാകുന്നുണ്ട്. മായയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് പൊലീസ്. കൃത്യം മരണസമയം പോസ്റ്റ് മോര്‍ട്ടത്തിലൂടെ മാത്രമേ വ്യക്തമാകൂ.