സുബൈർ വധം; പ്രതികൾ രക്ഷപ്പെടാൻ ഉപയോ​ഗിച്ച രണ്ടാമത്തെ കാറും കണ്ടെത്തി

രാവിലെ 11 മണിക്ക് കടയടച്ച് പോകുമ്പോൾ ഈ കാർ അവിടെ ഉണ്ടായിരുന്നില്ല. തിരിച്ച് രണ്ട് മണിയോടെ കടയിൽ എത്തിയപ്പോഴാണ് കാർ കണ്ടത്. രാത്രി എട്ട് മണിയായിട്ടും ഇവിടെ നിന്ന് കാർ കൊണ്ടു പോകാൻ ആരും എത്തിയില്ല. പിന്നാലെ പൊലീസിന് വിവരം നൽകുകയായിരുന്നുവെന്ന് കടക്കാരൻ പറയുന്നു.
 

പാലക്കാട്: എലപ്പുള്ളിയില്‍ എസ്‍ഡിപിഐ പ്രവർത്തകൻ സുബൈറിനെ വെട്ടി കൊന്ന ശേഷം പ്രതികൾ രക്ഷപ്പെടാൻ ഉപയോ​ഗിച്ചുവെന്ന് കരുതുന്ന രണ്ടാമത്തെ കാർ കണ്ടെത്തി. കഞ്ചിക്കോട് ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. കെഎൽ 9 എക്യു 7901 എന്ന നമ്പറിലുള്ള കാറാണ് കഞ്ചിക്കോട് കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് ഈ കാർ ഇവിടെ നിർത്തിയിട്ടതെന്ന് സമീപത്തുള്ള കടക്കാരൻ പറയുന്നു. രാവിലെ 11 മണിക്ക് കടയടച്ച് പോകുമ്പോൾ ഈ കാർ അവിടെ ഉണ്ടായിരുന്നില്ല. തിരിച്ച് രണ്ട് മണിയോടെ കടയിൽ എത്തിയപ്പോഴാണ് കാർ കണ്ടത്. രാത്രി എട്ട് മണിയായിട്ടും ഇവിടെ നിന്ന് കാർ കൊണ്ടു പോകാൻ ആരും എത്തിയില്ല. പിന്നാലെ പൊലീസിന് വിവരം നൽകുകയായിരുന്നുവെന്ന് കടക്കാരൻ പറയുന്നു.

സംഭവ സ്ഥലത്തു നിന്ന് ഏതാണ്ട് പത്ത് കിലോമീറ്ററിനുള്ളിലാണ് കാർ കിടന്നിരുന്നത്. രണ്ട് കാറുകളാണ് അക്രമി സംഘം ഉപയോ​ഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ടവര്‍ ഉപേക്ഷിച്ച കാർ നാല് മാസം മുന്‍പ് കൊല്ലപ്പെട്ട എലപ്പുള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

അതിനിടെ സുബൈറിന്റേതു രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐ‌ആർ. സംഭവത്തിൽ ആസൂത്രണമുണ്ടെന്നും മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നതെന്നും എഫ്ഐആറിൽ പറയുന്നു.