പാലക്കാട് റോഡിന് കുറുകെ കിടന്ന വയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന് പരുക്ക്

റോഡിന് കുറുകെ താഴ്ന്നുകിടന്ന സര്‍വീസ് വയറില്‍ കുരുങ്ങി വീണ് സ്‌കൂട്ടര്‍ യാത്രികന് തലയ്ക്ക് പരുക്കേറ്റു. പുത്തൂര്‍ പൂജാനഗര്‍ എഴുത്തച്ഛന്‍ വീട്ടില്‍ ശശികുമാര്‍(57)നാണ് പരുക്കേറ്റത്.

 

പാലക്കാട്: റോഡിന് കുറുകെ താഴ്ന്നുകിടന്ന സര്‍വീസ് വയറില്‍ കുരുങ്ങി വീണ് സ്‌കൂട്ടര്‍ യാത്രികന് തലയ്ക്ക് പരുക്കേറ്റു. പുത്തൂര്‍ പൂജാനഗര്‍ എഴുത്തച്ഛന്‍ വീട്ടില്‍ ശശികുമാര്‍(57)നാണ് പരുക്കേറ്റത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ പുത്തൂര്‍-കൊപ്പം റോഡിലാണ് സംഭവം. മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശശികുമാര്‍.

റോഡിന് കുറുകെ താഴ്ന്നു കിടന്ന സര്‍വീസ് വയര്‍ കഴുത്തില്‍ കുരുങ്ങി പുറകിലേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാത്രിയില്‍ അതുവഴി പോയ ഏതോ വാഹനം തട്ടിയാണ് സര്‍വീസ് വയര്‍ റോഡിന് കുറുകെ താഴ്ന്ന നിലയിലായതെന്ന് പറയുന്നു.

പോസ്റ്റില്‍ നിന്നുള്ള ഭാഗത്തേക്കാള്‍ താഴ്ന്നുകിടന്നത് കണക്ഷന്‍ കൊടുക്കുന്ന ഭാഗത്തായിരുന്നു. അതിനാല്‍ മാര്‍ക്കറ്റിലേക്ക് പോകുമ്പോള്‍ സര്‍വീസ് വയര്‍ താഴ്ന്നുകിടന്നത് ശ്രദ്ധയില്‍പ്പെട്ടില്ല. സംഭവമറിഞ്ഞ് വൈദ്യുതി വിഭാഗം ജീവനക്കാരനെത്തി സര്‍വീസ് വയര്‍ ഉയര്‍ത്തിക്കെട്ടി. പരുക്കേറ്റ ശശികുമാര്‍ കാറ്ററിങ് ജീവനക്കാരനാണ്.