സ്കൂട്ടറിൽ ലിഫ്റ്റ് നൽകി മൊബൈൽ ഫോൺ കവരുന്ന യുവാവ് പിടിയിൽ

 

ഇരിങ്ങാലക്കുട: വഴിയിൽ ബസ് കാത്തുനിൽക്കുന്നവർക്ക് സ്കൂട്ടറിൽ ലിഫ്റ്റ് നൽകി മൊബൈൽ ഫോൺ തട്ടിയെടുക്കുന്ന വിരുതൻ അറസ്റ്റിൽ. എടതിരിഞ്ഞി എടച്ചാലിൽ വീട്ടിൽ സാഹിലിനെയാണ് (25) ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവർ അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലാണ് സ്കൂട്ടറിൽ ലിഫ്റ്റ് കിട്ടിയ രണ്ടു ചെറുപ്പക്കാരുടെ സ്മാർട്ട് ഫോണുകൾ സ്കൂട്ടർ യാത്രക്കാരൻ കവർന്നതായ പരാതി പൊലീസിന് ലഭിച്ചത്.

പരാതിക്കാർ നൽകിയ പ്രാഥമിക വിവരങ്ങളുമായി പൊലീസ് തുടർന്നുള്ള ദിവസങ്ങളിൽ നഗരത്തിലെ റോഡുകളിൽ കറങ്ങി. പല സ്ഥലങ്ങളിലും കാത്തുനിന്നു. സി.സി.ടി.വി കാമറകളിൽനിന്ന് പ്രതിയുടെ സഞ്ചാരവഴികൾ ഏറക്കുറെ മനസ്സിലാക്കി. ബുധനാഴ്ച യാത്രക്കാരെ പോലെ പൊലീസ് മഫ്തിയിൽ വഴിയരികിൽ ലിഫ്റ്റ് കിട്ടാനായി കാത്തുനിന്നു. അടുത്ത ഇരയെ പ്രതീക്ഷിച്ച് സ്കൂട്ടർ നിർത്തിയ മോഷ്ടാവിനെ റോഡിനിരുവശവും നിന്ന പൊലീസ് സംഘം പിടിയിലൊതുക്കി. വിശദമായ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തി. മോഷ്ടിച്ച ഫോണുകൾ മറ്റു കടകളിൽ വിൽക്കുകയായിരുന്നു പതിവ്.

മാസ അടവിന് വാങ്ങിയ വണ്ടിയുടെ തിരിച്ചടവിന് പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

രണ്ടു പരാതികളാണ് പൊലീസിന് ലഭിച്ചത്. ഇരിങ്ങാലക്കുട കാട്ടൂർ റോഡിലും കെ.എസ്.ആർ.ടി.സി റോഡിലും നിന്ന് ലിഫ്റ്റ് കിട്ടാനായി സ്കൂട്ടറിന് കൈ കാണിച്ച രണ്ടുപേരുടെ മൊബൈലാണ് ഇയാൾ കവർന്നത്. ആളൊഴിഞ്ഞ സ്ഥലത്തെത്തുമ്പോൾ, ഫോൺ എടുക്കാൻ മറന്നു, കാൾ ചെയ്തോട്ടേ എന്നുപറഞ്ഞ് മൊബൈൽ ചോദിച്ച് സ്കൂട്ടർ വഴിയരികൽ നിർത്തും. യാത്രക്കാരൻ പിറകിൽനിന്ന് ഇറങ്ങുന്ന തക്കം നോക്കി മൊബൈലുമായി സ്കൂട്ടറിൽ പായും. കാട്ടൂർ സ്റ്റേഷനിൽ രണ്ട് ക്രൈം കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സാഹിൽ. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇരിങ്ങാലക്കുട എസ്.ഐ എം.എസ്. ഷാജൻ, എ.എസ്.ഐ മുഹമ്മദ് അഷറഫ്, ജസ്റ്റിൻ, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, സോണി സേവ്യർ, എം.ബി. സബീഷ്, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, ശബരികൃഷ്ണൻ, പി.എം. ഷെമീർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.