വിദ്യാലയങ്ങൾ വെറും അക്ഷരങ്ങൾ പഠിക്കാനുള്ള ഇടങ്ങളല്ല, സഹവർത്തിത്വവും സ്നേഹവും വളർത്തേണ്ട ഇടങ്ങളാണ് ; മന്ത്രി വി. ശിവൻകുട്ടി
വിദ്യാലയങ്ങൾ വെറും അക്ഷരങ്ങൾ പഠിക്കാനുള്ള ഇടങ്ങളല്ലെന്നും മറിച്ച് സഹവർത്തിത്വവും സ്നേഹവും വളർത്തേണ്ട ഇടങ്ങളാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പൂജപ്പുര ഗവ. യു.പി സ്കൂളിൽ നടന്ന ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം : വിദ്യാലയങ്ങൾ വെറും അക്ഷരങ്ങൾ പഠിക്കാനുള്ള ഇടങ്ങളല്ലെന്നും മറിച്ച് സഹവർത്തിത്വവും സ്നേഹവും വളർത്തേണ്ട ഇടങ്ങളാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പൂജപ്പുര ഗവ. യു.പി സ്കൂളിൽ നടന്ന ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ക്രിസ്മസ് അവധി റദ്ദാക്കി ‘സദ്ഭരണ ദിനം’ എന്ന പേരിൽ പ്രവൃത്തി ദിനമാക്കി മാറ്റുന്ന പ്രവണതകൾ വർദ്ധിച്ചുവരികയാണെന്നും ഇന്ത്യയുടെ വൈവിധ്യത്തെ തകർക്കുന്ന ഇത്തരം നീക്കങ്ങൾ അങ്ങേയറ്റം ഖേദകരമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ചില വിദ്യാലയങ്ങളിലും ഇത്തരം സങ്കുചിത മനോഭാവങ്ങൾ പ്രകടമാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇത്തരം കാര്യങ്ങൾ സർക്കാർ വച്ചുപൊറുപ്പിക്കാൻ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി. ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രമിച്ച വിദ്യാലയങ്ങൾ സർക്കാരിന്റെ കർശന നിലപാടിനെത്തുടർന്ന് ആഘോഷങ്ങൾ സംഘടിപ്പിക്കാൻ നിർബന്ധിതരായത് സംസ്ഥാനത്തിന്റെ മതേതരത്വത്തിന്റെ വിജയമാണ്. ഒരേ മനസ്സോടെ ഓണവും ക്രിസ്മസും പെരുന്നാളും വിദ്യാലയങ്ങളിൽ ആഘോഷിക്കപ്പെടണം. അസഹിഷ്ണുതയുടെ വാർത്തകൾക്കിടയിലും സ്നേഹത്തിന്റെ വിളക്ക് തെളിക്കാൻ വിദ്യാലയങ്ങൾക്ക് കഴിയണമെന്നും, ചുറ്റുമുള്ളവരുടെ പ്രയാസങ്ങൾ തിരിച്ചറിയുന്നവരാകണം യഥാർത്ഥ വിദ്യാർത്ഥികളെന്നും മന്ത്രി കൂട്ടിച്ചേർത്തു.
.