വേദനകളെ  തോല്‍പ്പിച്ച നിശ്ചയദാർഢ്യം; പുതുചരിത്രം കുറിച്ച സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്

വാസ്‌കുലൈറ്റിസെന്ന ഗുരുതര രോഗം ബാധിച്ചതിനെ തുടര്‍ന്ന് നേരിട്ടെത്തി മത്സരിക്കാൻ കഴിയാതിരുന്ന സിയ ഓൺലൈൻ ആയാണ് മത്സരത്തിൽ പങ്കെടുത്തത്.

 

അറബിക് പോസ്റ്റര്‍ നിര്‍മ്മാണമായിരുന്നു സിയയുടെ മത്സര ഇനം

 തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ ചരിത്രത്തില്‍ പുതുചരിത്രമെഴുതി സിയ ഫാത്തിമ എ ഗ്രേഡ് കരസ്ഥമാക്കി. വാസ്‌കുലൈറ്റിസെന്ന ഗുരുതര രോഗം ബാധിച്ചതിനെ തുടര്‍ന്ന് നേരിട്ടെത്തി മത്സരിക്കാൻ കഴിയാതിരുന്ന സിയ ഓൺലൈൻ ആയാണ് മത്സരത്തിൽ പങ്കെടുത്തത്. അറബിക് പോസ്റ്റര്‍ നിര്‍മ്മാണമായിരുന്നു സിയയുടെ മത്സര ഇനം. ജില്ലാ കലോല്‍സവത്തില്‍ നേരിട്ട് പങ്കെടുത്ത് വിജയിച്ച സിയയ്ക്ക് നാലാഴ്ച മുന്‍പാണ് രക്തക്കുഴലുകള്‍ ചുരുങ്ങുന്ന രോഗം സ്ഥിരീകരിച്ചത്. 

തൃശൂരില്‍ എത്തി മല്‍സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ സിയ തന്റെ അവസ്ഥ വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിക്ക് കത്തെഴുതുകയായിരുന്നു. തുടർന്നാണ് സിയക്ക് വിഡിയോ കോണ്‍ഫറന്‍സിങിലൂടെ മല്‍സരത്തില്‍ പങ്കെടുക്കാനായത്.പടന്നയിലെ വീട്ടിലിരുന്ന് സിയ ഫാത്തിമ തൃശ്ശൂരിലെ കലോത്സവ വേദിയില്‍ നിറങ്ങള്‍ ചാലിച്ചപ്പോള്‍, അത് വെറുമൊരു മത്സരമായിരുന്നില്ല, അതിജീവനത്തിന്റെ വിസ്മയമായിരുന്നെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കാസര്‍കോട് പടന്ന വികെപികെഎച്ച്എംഎം ആര്‍വിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനായാണ് സിയ ഫാത്തിമ. യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യം കലയോടുള്ള അവളുടെ അഭിനിവേശത്തിന് തടസ്സമാകാതിരിക്കാന്‍, സര്‍ക്കാര്‍ നല്‍കിയ പ്രത്യേക അനുമതിയിലൂടെ ആ സ്വപ്നം ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.