മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പുതിയ അമ്മയുടെ പൂജ ആരംഭിച്ചു

മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പുതിയ അമ്മയായ സാവിത്രി അന്തർജ്ജനം ഇന്ന് ക്ഷേത്ര ശ്രീകോവിലില്‍ നാഗരാജാവിന്റെ പൂജ ആരംഭിച്ചു
 

ഹരിപ്പാട് : മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പുതിയ അമ്മയായ സാവിത്രി അന്തർജ്ജനം ഇന്ന് ക്ഷേത്ര ശ്രീകോവിലില്‍ നാഗരാജാവിന്റെ പൂജ ആരംഭിച്ചു .

ഉമാദേവി അന്തർജ്ജനത്തിന്റെ വിയോഗത്തെ തുടർന്നാണ് നിയോഗം. കഴിഞ്ഞവർഷം ആഗസ്റ്റ് 9നാണ് ഉമാദേവി അന്തർജ്ജനം സമാധിയായത്. തുടർന്നുള്ള സംവത്സര ദീക്ഷ പൂർത്തിയായതോടെയാണ് സാവിത്രി അന്തർജ്ജനം പൂജകള്‍ ആരംഭിക്കുന്നത്.

കഴിഞ്ഞ വർഷം ഉമാദേവി അന്തർജ്ജനത്തിന്റെ അന്ത്യകർമ്മങ്ങള്‍ നടന്നതിനൊപ്പം നിലവറയുടെ തെക്കേത്തളത്തില്‍ പുതിയ അമ്മയുടെ സ്ഥാനാരോഹണവും നടന്നിരുന്നു. അന്തരിച്ച അമ്മയുടെ പാദതീർത്ഥം അഭിഷേകം ചെയ്താണ് സാവിത്രി അന്തർജ്ജനം മുഖ്യപൂജാരിണിയായി അവരോധിക്കപ്പെട്ടത്.

കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരൻ നമ്ബൂതിരിയുടെയും ആര്യ അന്തർജ്ജനത്തിന്റെയും രണ്ടാമത്തെ മകളാണ് സാവിത്രി അന്തർജ്ജനം (83). മുൻകാരണവർ എം.വി.സുബ്രഹ്മണ്യൻ നമ്ബൂതിരിയുടെ ഭാര്യയുമാണ്. നിലവിലെ കാരണവർ പരമേശ്വരൻ നമ്ബൂതിരിയുടെ ഭാര്യ സതീദേവി അന്തർജ്ജനമാണ് ഇളയമ്മ.