ശശി തരൂരുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം പറയേണ്ടത് കേന്ദ്രനേതൃത്വമാണ് : വി.ഡി. സതീശൻ
കൊച്ചി: ശശി തരൂരുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം പറയേണ്ടത് കേന്ദ്രനേതൃത്വമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്രനേതൃത്വം പറയുന്നത് അനുസരിക്കുമെന്നും വി.ഡി. സതീശൻ പറവൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാട് ലോകരാഷ്ട്രങ്ങളോട് വിശദീകരിക്കുന്ന സംഘത്തിൽ തരൂരിനെ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൻറെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിൻറെ പ്രതികരണം.
“ശശി തരൂർ കോൺഗ്രസിൻറെ പ്രവർത്തക സമിതി അംഗമാണ്. ഞങ്ങളൊക്കെ അദ്ദേഹത്തിൻറെ താഴെ നിൽക്കുന്ന ആളുകളാണ്. അദ്ദേഹത്തിൻറേത് വലിയ പദവിയാണ്. അതിനാൽ കമൻറു പറയാൻ ഞങ്ങൾക്കാകില്ല. കേന്ദ്ര നേതൃത്വമാണ് അതിൽ നിലപാട് വ്യക്തമാക്കേണ്ടത്. അത് എന്തുതന്നെ ആയാലും ആ അഭിപ്രായത്തോട് ഞങ്ങൾ യോജിക്കും” -വി.ഡി. സതീശൻ വ്യക്തമാക്കി.
സർവ കക്ഷി സംഘത്തിലേക്ക് സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം കോൺഗ്രസ് നിർദേശിച്ച ആനന്ദ് ശർമ, ഗൗരവ് ഗോഗോയ്, സയ്യിദ് നസീർ ഹുസൈൻ, രാജാ ബ്രാർ എന്നിവരിൽപ്പെടാത്ത ശശി തരൂരിനെ കോൺഗ്രസ് പ്രതിനിധിയെന്ന നിലക്ക് ഒരു സംഘത്തിന്റെ നേതാവായി പ്രഖ്യാപിക്കുകയും പാർട്ടിയെ അറിയിക്കാതെ തരൂർ അതു സ്വീകരിച്ചതുമാണ് ഭിന്നത രൂക്ഷമാക്കിയത്. ഈയിടെയായി കോൺഗ്രസിന്റെ നയങ്ങൾക്ക് വിരുദ്ധമായി നരേന്ദ്ര മോദി സർക്കാറിനെ പിന്തുണച്ചതിന് പാർട്ടിയുടെ താക്കീത് ഏൽക്കേണ്ടി വന്നതിനു പിന്നാലെയാണ് കോൺഗ്രസ് പട്ടിക മറികടന്ന് ശശി തരൂരിനെ യു.എസിലേക്കുള്ള സർവകക്ഷി പ്രതിനിധി സംഘത്തെ നയിക്കാൻ ചുമതലപ്പെടുത്തിയത്.
നിർദേശിച്ച നാലു പേരുകളിൽ കോൺഗ്രസ് ഉറച്ചു നിൽക്കുകയാണെന്നും അതു കണക്കിലെടുക്കാതെ സർക്കാർ നിർദേശിക്കുന്നവരെ പാർട്ടിയുടെ പ്രതിനിധികളായല്ല സർക്കാറിന്റെ പ്രതിനിധികളായിട്ടായിരിക്കും പരിഗണിക്കുകയെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയപ്പോൾ പാർട്ടിയും സർക്കാറും തമ്മിലുള്ള കാര്യത്തിലല്ല, രാജ്യത്തിന്റെ കാര്യത്തിലാണ് തന്റെ ആശങ്ക എന്ന് തരൂർ മറുപടി നൽകി. രാജ്യം എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മാത്രമേ നോക്കേണ്ടതുള്ളൂ. ഐക്യത്തിന് പ്രാധാന്യമുള്ള സമയത്ത് ദേശീയ ഐക്യത്തിന്റെ മികച്ച പ്രതിഫനമാണ് ഈ നയതന്ത്ര നീക്കമെന്നും തരൂർ സർക്കാറിനെ പുകഴ്ത്തുകയും ചെയ്തു.