നിക്ഷേപങ്ങൾ എളുപ്പമാക്കാൻ ‘സരൾ കേരളം’ ; ഏകീകൃത അനുമതി സംവിധാനത്തിന് മന്ത്രിസഭയുടെ അംഗീകാരം

 കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങളും ബിസിനസ് സംരംഭങ്ങളും കൂടുതൽ എളുപ്പത്തിൽ ആകർഷിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘സരൾ കേരളം’ (SARAL KERALA – Simplified and Accelerated Regulatory Approvals and Licenses) പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. വ്യവസായ സംരംഭങ്ങൾക്ക് ആവശ്യമായ വിവിധ ലൈസൻസുകളും അനുമതികളും സമയബന്ധിതമായി ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

 

 കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങളും ബിസിനസ് സംരംഭങ്ങളും കൂടുതൽ എളുപ്പത്തിൽ ആകർഷിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘സരൾ കേരളം’ (SARAL KERALA – Simplified and Accelerated Regulatory Approvals and Licenses) പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. വ്യവസായ സംരംഭങ്ങൾക്ക് ആവശ്യമായ വിവിധ ലൈസൻസുകളും അനുമതികളും സമയബന്ധിതമായി ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

‘One-State-One-Approval-One-Document’ (OSAD) എന്ന ആശയം മുൻനിർത്തിയാണ് പുതിയ സംവിധാനം. വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതികൾ ഒരൊറ്റ കേന്ദ്രത്തിലൂടെ ഏകോപിപ്പിച്ച് നൽകുന്നതിനായി Single Statutory Authority രൂപീകരിക്കും. ഇതിന്റെ ഭാഗമായി നിലവിലുള്ള 19 നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്താനും മന്ത്രിസഭ തീരുമാനിച്ചു.

പുതിയ സംവിധാനത്തിൽ 25 കോടി മുതൽ 50 കോടി രൂപ വരെ നിക്ഷേപമുള്ള പദ്ധതികൾക്ക് ജില്ലാതല ബോഡിയും 50 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് സംസ്ഥാനതല ബോഡിയും അനുമതി നൽകും. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനായ  KSIDC ആയിരിക്കും പദ്ധതിയുടെ ഏകോപന ചുമതല നിർവഹിക്കുക.

വകുപ്പുകളുടെ നിലവിലുള്ള അധികാരങ്ങൾ ഇല്ലാതാക്കുകയല്ല പദ്ധതിയുടെ ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഒരു നിക്ഷേപ പ്രൊപ്പോസൽ ലഭിച്ചാൽ ബന്ധപ്പെട്ട ഓരോ വകുപ്പും നിശ്ചിത സമയപരിധിക്കുള്ളിൽ പരിശോധന പൂർത്തിയാക്കി മറുപടി നൽകണം. വകുപ്പുകളുടെ പരിശോധനയ്ക്ക് ശേഷം അപ്രൈസൽ ബോഡി നിർദേശങ്ങൾ വിലയിരുത്തി സമിതിക്ക് മുന്നിൽ സമർപ്പിക്കും. തുടർന്ന് അന്തിമ അനുമതി വേഗത്തിൽ നൽകുന്ന രീതിയിലാണ് സംവിധാനം.

ഏതെങ്കിലും വകുപ്പിന് പദ്ധതിയോട് വിയോജിപ്പുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനായി അപ്പീൽ സംവിധാനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളായി അനുമതികൾ ലഭിക്കാതെ കെട്ടിക്കിടക്കുന്ന നിക്ഷേപ പദ്ധതികൾക്കും പുതിയ സംവിധാനം പ്രയോജനപ്പെടുമെന്നാണ് സർക്കാർ വിലയിരുത്തൽ.

വിവിധ വകുപ്പുകളുമായി വിശദമായ ചർച്ചകൾ നടത്തി അവരുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള ഡ്രാഫ്റ്റിനാണ് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. അനുമതികളിലെ കാലതാമസവും നടപടിക്രമങ്ങളിലെ സങ്കീർണതകളും കുറച്ച് വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ‘സരൾ കേരളം’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

എറണാകുളത്ത് രണ്ട് പ്രത്യേക എൻഐഎ കോടതികൾ

എറണാകുളത്ത് രണ്ട് എക്‌സ്‌ക്ലൂസീവ് എൻഐഎ (National Investigation Agency) കോടതികൾ സ്ഥാപിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഏറെക്കാലമായി തീർപ്പാകാതെ കിടന്നിരുന്ന വിഷയത്തിൽ കോടതിയുടെ ഇടപെടലുകൾ കൂടി പരിഗണിച്ചാണ് അന്തിമ തീരുമാനം. ഇതിനായുള്ള സംസ്ഥാനതല നടപടികൾ സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. കോടതികളുടെ സാമ്പത്തിക ചെലവുകൾ പൂർണമായും കേന്ദ്രസർക്കാർ വഹിക്കും.

ആരോഗ്യവകുപ്പിൽ 18 പുതിയ തസ്തികകൾ

ആരോഗ്യവകുപ്പിന് കീഴിൽ ‘റേഡിയോഗ്രാഫർ ഗ്രേഡ് 2’ വിഭാഗത്തിൽ 18 പുതിയ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭ അംഗീകാരം നൽകി. സർക്കാർ ആശുപത്രികളിലെ റേഡിയോഗ്രാഫർമാരുടെ കുറവ് പരിഹരിച്ച് രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുകയാണ് പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.