അമ്പതിന്റെ നിറവിൽ സന്നിധാനം പോസ്റ്റ് ഓഫീസ്
മണ്ഡല മകരവിളക്ക് കാലത്തും വിഷുവിനും മാത്രം പ്രവർത്തിക്കുന്ന സന്നിധാനത്തെ പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ട് 50 വർഷമാകുന്നു
Nov 20, 2024, 14:35 IST
ശബരിമല : മണ്ഡല മകരവിളക്ക് കാലത്തും വിഷുവിനും മാത്രം പ്രവർത്തിക്കുന്ന സന്നിധാനത്തെ പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ട് 50 വർഷമാകുന്നു. 1974 ലെ മണ്ഡലകാലത്താണ് പൂർണ്ണ സംവിധാനങ്ങളോടെ ഇവിടെ തപാൽ ഓഫീസ് തുടങ്ങിയത്.
സ്വാമി അയ്യപ്പൻ, ശബരിമല സന്നിധാനം, 689713 എന്ന വിലാസത്തിൽ അയ്യപ്പന് ഭക്തർ അയക്കുന്ന കത്തുകളും കാണിക്കയായുള്ള മണിയോർഡറുകളും എല്ലാ സീസണിലും ഇവിടെ ലഭിക്കും. പതിനെട്ടാം പടിക്കു മുകളിൽ അയ്യപ്പ വിഗ്രഹമുള്ള ഇവിട ത്തെ തപാൽ മുദ്രയും പ്രത്യേകതയാണ്.
ഒരു പോസ്റ്റ് മാസ്റ്റർ അടക്കം നാല് ജീവനക്കാരാണ് ഇവിടെ ഉണ്ടാവുക. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ സ്വാമി അയ്യപ്പനുള്ള സന്ദേശങ്ങൾ തപാൽ മാർഗ്ഗം ഭക്തർ അയക്കാറുണ്ട്.ഇവ ദേവസ്വം അധികൃതർക്ക് കൈമാറുകയാണ് ചെയ്യുന്നതെന്ന് പോസ്റ്റ് മാസ്റ്റർ എം മനോജ് കുമാർ പറഞ്ഞു.