ആറാട്ടണ്ണന്റെ അതേ മനോവൈകൃതത്തിന് സമാനമായാണ് സനൽകുമാർ കടന്ന് പോകുന്നത്;  നിരാഹാരത്തിൽ പരിഹസവുമായി ആലപ്പി അഷ്റഫ്

 സംവിധായകൻ സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സത്യാഗ്രഹത്തിനും, വിഷയത്തിൽ താരസംഘടനയായ 'അമ്മ' പുലർത്തുന്ന മൗനത്തിനുമെതിരെ കടുത്ത വിമർശനവുമായി ചലച്ചിത്രപ്രവർത്തകൻ ആലപ്പി അഷ്റഫ്.

 

 സംവിധായകൻ സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സത്യാഗ്രഹത്തിനും, വിഷയത്തിൽ താരസംഘടനയായ 'അമ്മ' പുലർത്തുന്ന മൗനത്തിനുമെതിരെ കടുത്ത വിമർശനവുമായി ചലച്ചിത്രപ്രവർത്തകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലായ 'ആലപ്പി അഷ്റഫ് കണ്ടതും കേട്ടതും' എന്ന പരിപാടിയിലൂടെയാണ് സനൽകുമാർ ശശിധരന്റെ സമര നാടകങ്ങളെയും, സിനിമാ മേഖലയിലെ പ്രമുഖ നടി നേരിടുന്ന വേട്ടയാടലുകളെയും കുറിച്ച് അദ്ദേഹം തുറന്നടിച്ചത്. നടിമാർക്കെതിരെ അശ്ലീല പരാമർശങ്ങൾ ഉന്നയിച്ച് ജയിലിലായ സന്തോഷ് വർക്കി എന്ന 'ആറാട്ടണ്ണന്റെ' അതേ മനോവൈകൃതത്തിന് സമാനമായ അവസ്ഥയിലൂടെയാണ് ഇപ്പോൾ  സനല്കുമാറും കടന്ന് പോകുന്നതെന്നാണ്  ആലപ്പി അഷ്റഫ് പറഞ്ഞത്.

അഷ്റഫ് ആരോപിച്ചു. ‘സെക്സി ദുർഗ’, ‘ഒഴിവുദിവസത്തെ കളി’, ‘കയറ്റം’ തുടങ്ങിയ ചിത്രങ്ങളിലൂടെ നിരവധി പുരസ്കാരങ്ങൾ നേടിയ സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ തന്റെ അവാർഡുകൾ നിരത്തിവെച്ച് നടത്തുന്ന നിരാഹാര സമരം വിചിത്രമാണെന്ന് അഷ്റഫ് പരിഹസിച്ചു.  തങ്ങളുടെ സംഘടനയിലെ ലൈഫ് മെമ്പറായ ഒരു നടി പൊതുവിടത്തിൽ നിരന്തരം ആക്ഷേപിക്കപ്പെട്ടിട്ടും സിനിമാ സംഘടനകളായ 'അമ്മ'യോ ഫെഫ്കയോ ഒരു വാക്കുപോലും സംസാരിക്കാത്തത് ഖേദകരമാണെന്ന് അഷ്റഫ് പറഞ്ഞു. 

ആലപ്പി അഷ്റഫിന്റെ വാക്കുകൾ:   

‘‘മൗനം അതൊരു വിട്ടുനിൽക്കലാണ്, അതിലുപരി ഒരു പിന്മാറലാണ്. സംസാരിക്കേണ്ട സാഹചര്യങ്ങളിൽ സംസാരിക്കുകയും മൗനം പാലിക്കേണ്ടിടത്ത് മൗനം പാലിക്കുകയും ചെയ്യുക, അവിടെയാണ് പല വിജയങ്ങളുടെയും വഴിതെളിയുന്നത്. സംവിധായകൻ സനൽകുമാർ ശശിധരന്റെ നിരാഹാര സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ ആ നടി ഇടപെടേണ്ടതുണ്ടോ, അവർ അഭിപ്രായം പറയേണ്ടതുണ്ടോ എന്ന് നമുക്കൊന്ന് പരിശോധിക്കാം.

സന്തോഷ് വർക്കി എന്ന് പേരുള്ള ആറാട്ടണ്ണനെ സിനിമാ നടിമാരെല്ലാം ചേർന്ന് അകത്താക്കി അഴിയണിച്ചിട്ട് അധികനാളായിട്ടില്ല. നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തുകയും നടിമാരെല്ലാം തന്നെ മോശക്കാരികൾ ആണെന്ന് പറഞ്ഞ് അവരെ അപകീർത്തിപ്പെടുത്തിയതിനെതിരെയുള്ള കേസിലാണ് അയാൾക്ക് ജയിലിൽ കിടക്കേണ്ടി വന്നത്. ഇയാൾ ഇടതടവില്ലാതെ നടിമാർക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉയർത്തികൊണ്ടേയിരുന്നു. സഹികെട്ട നടിമാർ ഇയാൾക്കെതിരെ തിരുവനന്തപുരത്തും ആലപ്പുഴയിലും എറണാകുളത്തും കേസുകൾ ഫയൽ ചെയ്തു. ആലപ്പുഴയിൽ ഉഷാ ഹസീന അവിടുത്തെ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിന്മേലാണ് നടപടി ഉണ്ടായത്.

സുന്ദരിമാരായ നടിമാർ സിനിമയിൽ ഉന്നതിയിൽ എത്തുമ്പോൾ അവർക്കൊരു ജീവിതം നൽകാൻ എത്തുമായിരുന്നു ആറാട്ടണ്ണൻ. സോഷ്യൽ മീഡിയയിലൂടെ ആറാട്ടണ്ണനെ അറിയപ്പെടുന്നതിനു മുൻപ് തന്നെ അയാൾ പലപ്രാവശ്യം എന്നെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ഒരു സയന്റിസ്റ്റ് ആണെന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് സംസാരിക്കാറുള്ളത്. എന്നോട് അയാൾ ചോദിച്ചു നിത്യാ മേനോനുമായി പരിചയമുണ്ടോ അവരോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം എനിക്ക് സംസാരിക്കാനുണ്ട് എന്ന്. എനിക്ക് അവരെ പരിചയമില്ല എന്ന് പറഞ്ഞ് ഒഴിവാക്കുകയാണ് ഉണ്ടായത്.

പിന്നീടാണ് സോഷ്യൽ മീഡിയയിലൂടെ അറിയാൻ കഴിഞ്ഞത് ഇയാൾക്ക് അവരെ കല്യാണം കഴിക്കണം, ജീവിതം കൊടുക്കാം എന്നൊക്കെ പറഞ്ഞ് ശല്യം ചെയ്തതും അവരുടെ പരാതിയിന്മേൽ എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ അയാളെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് തിരിച്ചയച്ചിരുന്നതും മറ്റും. അതിനുശേഷം നടിമാരുടെ കൂട്ട പരാതിയെ തുടർന്ന് ജയിലിൽ കിടന്ന ആറാട്ടണ്ണന് എന്തെങ്കിലും സ്വഭാവത്തിൽ മാറ്റം വരുമെന്ന് പ്രതീക്ഷിച്ചു, എന്നാൽ അത് അസ്ഥാനത്താണെന്ന് അയാൾ വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഇപ്പോൾ പറയുന്നു നടി മമിത ബൈജുവിന് ഒരു ജീവിതം കൊടുക്കാൻ തയാറാണെന്ന്. മമിതയുമായി കുറച്ചു പ്രായവ്യത്യാസമുണ്ട് അത് വലിയ കാര്യമാക്കേണ്ടതില്ല എന്നാണ് അയാൾ പറയുന്നത്. പട്ടിയുടെ വാൽ പന്തീരാണ്ട് കാലം കുഴലിൽ ഇട്ടാലും അത് വളഞ്ഞു തന്നെ ഇരിക്കൂ. ഇതൊക്കെ ചിലരുടെ മാനസിക വൈകല്യമാണ്, ഇതിനവർക്ക് കാര്യമായ ചികിത്സയും ആവശ്യമാണ്.

ഇപ്പോൾ മാനസിക രോഗിയാണോ എന്ന് സംശയിക്കേണ്ട രീതിയിലുള്ള സംസാരവും പ്രവർത്തികളുമായി ഒരു സംവിധായകൻ എത്തിയിരിക്കുകയാണ്. അത് മറ്റാരുമല്ല ‘സെക്സി ദുർഗ’, ‘ഒഴിവു ദിവസത്തെ കളി’, ‘കയറ്റം’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സനൽകുമാർ ശശിധരനാണ്. ഇദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ളതുമാണ്. ഈ അവാർഡുകളൊക്കെ വാരി നിരത്തി വെച്ചുകൊണ്ട് ഈ കഴിവുറ്റ കലാകാരൻ സെക്രട്ടറിയറ്റിന്റെ മുന്നിൽ ദിവസങ്ങളായി നിരാഹാര സത്യാഗ്രഹം തുടരുകയാണ്.

നിരാഹാരമാണെന്ന് പറയുന്നുണ്ടെങ്കിലും വീട്ടിൽ പോയി കുളിച്ച് ഭക്ഷണം കഴിച്ച്, ഡ്രസ്സ് ഒക്കെ മാറി ചാരുകസേരയിൽ വന്നിരുന്ന് കാറ്റുകൊള്ളാൻ ഇരിക്കുന്നത് പോലെ വരുന്നവരോടും പോകുന്നവരോടും ഒക്കെ കുശലാന്വേഷണവും നടത്തുന്നുണ്ട്. എന്തായാലും നിരാഹാര സത്യാഗ്രഹത്തിന്റെ രൂപവും ഭാവവും ഒക്കെ സനൽകുമാർ ശശിധരൻ പരിഷ്കരിച്ചിട്ടുണ്ട്. രാഹുൽ ഈശ്വർ ഈ സമയത്ത് ബിഗ് ബോസിൽ പോയത് സനൽ കുമാറിനെ സംബന്ധിച്ച് അതൊരു തീരാനഷ്ടവും വേദനയുമാണ്. രാഹുൽ ഈശ്വർ ഇവിടെ ഉണ്ടായിരുന്നെങ്കിൽ സനൽ കുമാറിന് ഇവിടെ ഒറ്റയ്ക്ക് നിരാഹാരം കിടക്കേണ്ടി വരുമായിരുന്നില്ല. ഒരു പുരുഷന്റെ അവകാശം സംരക്ഷിക്കാൻ വേണ്ടി അയാളും ഒപ്പം വന്ന നിരാഹാരം കിടന്നേനെ.

സനൽ കുമാറുമായി ബന്ധപ്പെട്ട നടിയുടെ പേര് പറയാൻ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ട്. ഈ പ്രശസ്ത നടിയും സനൽ കുമാറും തമ്മിലുള്ള പ്രശ്നങ്ങൾ 2019 ൽ തുടങ്ങിയതാണ്. അന്ന് അയാൾക്കെതിരെ ഈ നടി കേസും ഫയൽ ചെയ്തിരുന്നു. അതേ തുടർന്ന് അയാളെ അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്. സാധാരണയായി ഒരാളെ കേസിൽ കുടുക്കിയാൽ സ്വാഭാവികമായും അയാളോട് ശത്രുതയും വൈരാഗ്യവുമാണ് തോന്നാറുള്ളത്. എന്നാൽ ഇവിടെ നല്ലവനായ ഉണ്ണിക്ക്, സ്വാത്വികനായ മനുഷ്യന് അവരോട് യാതൊരു വൈരാഗ്യവുമില്ല. എന്നുമാത്രമല്ല അവരെ കാക്കയും പൂച്ചയും എടുക്കാതെ സംരക്ഷിക്കാൻ പെടാപ്പാട് പെടുകയാണ്. ഇത്തരമൊരു പ്രതിഭാസം സിനിമ ചരിത്രത്തിൽ ഇതാദ്യമായാണ്. ചെറിയ പ്രശ്നങ്ങൾക്ക് പോലും വഴക്കിട്ട് പൊതുവിടങ്ങളിൽ വിഴുപ്പലക്കുന്ന സിനിമക്കാരുടെ ഇടയിൽ ശത്രുവിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്ന ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്നത് മഹാഭാഗ്യമാണ്.

സനൽ തന്റെ സത്യാഗ്രഹ കസേരയുടെ ഒരു വശത്തായി തന്റെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒരു ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് അതിൽ ഊന്നി പറഞ്ഞിരിക്കുന്നത്. ഒന്നാമത്തത് പ്രശസ്ത നടി സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്നുള്ള ആരോപണം അന്വേഷിക്കുക. രണ്ടാമത്തേത് എനിക്കെതിരെയുള്ള കള്ളക്കേസിന്റെ പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കുക. മൂന്നാമത്തത് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുക, അതിലെ സെക്സ് റാക്കറ്റിനെ കുറിച്ച് അന്വേഷിക്കുക. സനലിന്റെ ഈ മൂന്ന് ആവശ്യങ്ങളും യുദ്ധകാല അടിസ്ഥാനത്തിൽ അന്വേഷണം നടത്തി തീർപ്പാക്കേണ്ടതായതിനാൽ ആകാം ഗവൺമെന്റോ പൊലീസോ നിയമപാലകരോ ആരും തന്നെ ആ വഴി ചെല്ലാത്തത്. അനാഥനായ ഒരു സിനിമാ സംവിധായകന്റെ സമരത്തിനു നേരെ സിനിമാ സംഘടനകളും കണ്ണടച്ചിരിക്കുകയാണ്. ഫെഫ്കെയോ അമ്മയോ ഇതിനെക്കുറിച്ച് ഒരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ല.

ഇവിടെ ഒരു കാര്യം നമ്മൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഈ നടികൂടി അംഗമായ ഒരു സിനിമാ സംഘടനയാണ് ‘അമ്മ’. ഈ നടിയെ പൊതുവിടത്തിൽ അപമാനിച്ച് അപഹസിക്കുന്നതിനെതിരെ ഒരു വാക്കു കൊണ്ടുപോലും ശബ്ദമുയർത്തി പ്രതികരിക്കാൻ തയ്യാറായില്ല എന്നത് സ്ത്രീകൾ തലപ്പത്തിരിക്കുന്ന ഭരിക്കുന്ന സംഘടനയുടെ കെടുകാര്യസ്ഥതയ്ക്ക് ഉത്തമ ഉദാഹരണമാണ്. ഇതിനെക്കുറിച്ച് നടി ഉഷാ ഹസീന പറയുന്നത് നിങ്ങൾ ഒന്ന് കേൾക്കുക:

‘‘അമ്മ അസോസിയേഷൻ ലൈഫ് മെമ്പർ ആണ്. സ്ത്രീപക്ഷ ഭരണസമിതിയാണ് ഈ ‘അമ്മ’യിൽ കഴിഞ്ഞ തിരഞ്ഞെടുക്കപ്പെട്ടതും, രാജി വച്ചു പോയിട്ട് രാജി വെച്ചില്ല എന്ന് പറഞ്ഞ് വലിഞ്ഞു കയറി നാണം കെട്ട് അവിടെ ഞങ്ങൾ തന്നെയാണ് ഭരിക്കുന്നത് എന്ന് പറഞ്ഞിരിക്കുന്ന കുറെ സ്ത്രീകളുണ്ട്. ‘അമ്മ’യിൽ അംഗമല്ലേ എന്തുകൊണ്ട് ഇവർ പ്രതികരിക്കുന്നില്ല? എന്തുകൊണ്ട് ഈ ഭരണസമിതി വലിഞ്ഞേറി ഇരുന്ന് ഒരു ഓണക്കിറ്റ് കൊടുത്താൽ മാത്രം മതിയോ? അതാണോ ഏറ്റവും വലിയ കാര്യം? സ്ത്രീകൾക്ക് ഉണ്ടാകുന്ന വിഷയങ്ങളിൽ അവർ ഇടപെടണ്ടേ? ഇടപെട്ടോ? അല്ല, ഇടപെടാൻ സാധ്യതയില്ല. കാരണം കഴിഞ്ഞ കാലത്തിൽ ഒരു സ്ത്രീക്ക് ഉണ്ടായ കാര്യത്തിൽ അവർ ഇടപെട്ടതിന്റെ കാര്യങ്ങൾ ആണല്ലോ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. 

സംഘടനയിൽ തന്നെ നാണമുനയിൽ കൊണ്ടു നിർത്തിയിരിക്കുന്നത്. അപ്പൊ ഇത്തരം കാര്യങ്ങളിലാണ് ഒരു സ്ത്രീപക്ഷ ഭരണസമിതി ഇടപെടേണ്ടത്. അതല്ലാതെ ഓണക്കിറ്റും കൊടുത്തുകൊണ്ട് നടന്നിട്ട് കാര്യമില്ല. അല്ല ഞങ്ങൾ രാജി വച്ചിട്ടില്ല ഞങ്ങൾ രാജി വച്ചിട്ടില്ല എന്ന് പറഞ്ഞിട്ട് പിന്നെ വലിയ വർത്തമാനം അല്ല പറയേണ്ടത്. ഇങ്ങനെ അംഗങ്ങളായിട്ടുള്ള സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഇടപെടണം. ഇനിയിപ്പോ ഞാൻ പറഞ്ഞതിനു ശേഷം ചിലപ്പോൾ ഇടപെടുമായിരിക്കും. അതാണോ വേണ്ടത് ഒരു ഭരണസമിതി ചെയ്യേണ്ടത്? എത്ര ദിവസങ്ങളായി ഈ പ്രശ്നം തുടങ്ങിയിട്ട് ഇവർ ഇതുവരെ ചെയ്തില്ല ഒന്നും ചെയ്തിട്ടില്ല.’’

സനലിന്റെ ഇത്തരം പ്രവർത്തികൾക്ക് പിന്നിൽ മറ്റാരുടെയെങ്കിലും കൈകടത്തലുകളോ ഗൂഢാലോചനകളോ ഉണ്ടോ അതോ മാനസിക വൈകല്യം മൂലം സംഭവിക്കുന്നതാണോ എന്നൊക്കെ സംശയിക്കേണ്ടിയിരിക്കുന്നു. പലരും സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത് കേട്ടു നടി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന്. ഇത്തരം ആഭാസത്തരങ്ങൾക്കെതിരെ എന്താണ് അവർ പ്രതികരിക്കേണ്ടത്? ഇതിലും വലിയ ആക്ഷേപങ്ങൾ നിരപരാധിയായ അവരുടെ മേൽ പലപ്പോഴും പലരും ഉതിർത്തിട്ടുണ്ട്. അതിനെതിരെ പോലും പൊതുവിടങ്ങളിൽ വിഴുപ്പലക്കി മറ്റുള്ളവരെ മോശമാക്കാൻ അവർ ശ്രമിച്ചിട്ടില്ല, വന്നിട്ടുമില്ല. അതവരുടെ വ്യക്തിത്വമില്ലായ്മയും കഴിവുകേടായും ആരും കാണേണ്ടതില്ല. ക്ഷമയും സമാധാനവുമാണ് അവരെ ഇപ്പോഴത്തെ പദവിയിൽ എത്തിനിൽക്കാൻ സഹായിച്ചിട്ടുള്ളത്. ഇവിടെ ആ ക്ഷമയുടെയും സമാധാനത്തിന്റെയും എല്ലാ സീമകളും ലംഘിക്കപ്പെട്ടതുകൊണ്ടാണ് ഇപ്പോൾ നിയമവഴി അവർ നീങ്ങിയത്.

മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഒക്കെ അവരിപ്പോൾ പ്രശസ്തയാണ്. കുറച്ചു നാളുകൾക്ക് മുൻപ് വരെ ഗൂഗിളിൽ അവരെക്കുറിച്ച് സെർച്ച് ചെയ്താൽ വരുന്നത് അവരുടെ സിനിമകളെ കുറിച്ചും അവരുടെ അഭിനയ മികവിനെ കുറിച്ചും ഒക്കെയാണ്. എന്നാൽ ഇപ്പോൾ കാണാൻ കഴിയുന്നത് സനൽകുമാർ ശശിധരനുമായിട്ടുള്ള പ്രശ്നങ്ങളും മറ്റുമാണ്. അതവരുടെ ഇമേജിന് കോട്ടം സംഭവിക്കാൻ ഉതകുന്ന രീതിയിലുള്ളവയുമാണ്. ഇയാളുടെ ഈ മനോവൈകൃതത്തെ അവസാനിപ്പിക്കണമെങ്കിൽ ഇനി എന്താണ് ചെയ്യേണ്ടതെന്ന് നടി ഉഷാ ഹസീന വിശദമായി പറയുന്നുണ്ട്:

‘‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി, ദയവായി ഇതിനെക്കുറിച്ച് അന്വേഷിക്കണം. ഇയാളുടെ പിന്നിൽ ആരാണുള്ളതെന്ന്... ആ കുട്ടി മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഒക്കെ അഭിനയിക്കുന്ന ഒരു കുട്ടിയാണ്. മലയാളികളും തമിഴന്മാരും എല്ലാവരും അറിയുന്ന ഒരു സ്റ്റാർ ആണ്. മാത്രമല്ല സ്ത്രീകൾക്ക് അഭിമാനമാണ്, ഒരു മാതൃകയാണ്. ആ കുട്ടി ഒറ്റക്ക് ജീവിച്ചു കാണിച്ചു കൊടുത്ത് വിജയിച്ചു ജീവിച്ചു കാണിച്ചു കൊടുത്ത ഒരു സ്ത്രീയാണ്. അപ്പൊ ആ സ്ത്രീയെ ഇങ്ങനെ അപമാനിക്കണം എന്നുണ്ടെങ്കിൽ അയാള്‍ മാത്രമല്ല ഇതിന്റെ പിന്നിൽ, അയാളെക്കൊണ്ട് ഇത് ചെയ്യിക്കുന്ന കുറച്ച് ആൾക്കാർ ഉണ്ടാവാം. 

എന്റെ സംശയമാണ്. അതുപോലെ ഒരുപാട് പേർക്ക് സംശയമുണ്ട്, അത് തെളിയിക്കണം. പക്ഷേ ഇവനെ അറസ്റ്റ് ചെയ്ത്, ഇയാൾ അറസ്റ്റ് ചെയ്തിട്ട് ജാമ്യത്തിൽ ഒന്നും വിടരുത്. ഇയാളെ നല്ലോണം ക്വസ്റ്റ്യൻ ചെയ്യണം. ക്വസ്റ്റ്യൻ ചെയ്തു കഴിഞ്ഞാലേ ഇതിന്റെ സത്യാവസ്ഥ മനസ്സിലാകത്തുള്ളൂ. എന്ന് വെച്ചാൽ നല്ല പഴുക്ക ചൂരൽ ഉണ്ടല്ലോ, പഴുക്ക ചൂരൽ കൊണ്ട് ചന്തക്കിട്ട് നല്ല അടി കൊടുക്കണം. ആ അടി കൊടുത്തു കഴിയുമ്പോൾ നല്ലത് പൊലീസ് മുറയിൽ... അപ്പൊ പുള്ളിയുള്ള സത്യങ്ങളൊക്കെ പറയാൻ സാധ്യതയുണ്ട്. ഞങ്ങൾ എല്ലാവരും കൂടെ കൂടെ നിൽക്കാൻ തയാറാണ്. ഈ കേസ് മാനനഷ്ടത്തിന് കേസ് കൊടുക്കുക മാത്രമല്ല ചെയ്യേണ്ടത്, ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. ഐക്യദാർഢ്യം.’’

നടി ആകെ ചെയ്തുപോയ തെറ്റ് എന്താണെന്ന് വെച്ചാൽ ഇയാളുടെ പടത്തിൽ അഭിനയിച്ചുപോയി എന്നതാണ്. ഒരു സംവിധായകന്റെ പടത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ സ്നേഹത്തോടെയും സഹകരണത്തോടെയും സൗഹാർദ്ദത്തോടെയും പെരുമാറുക എന്നത് സർവസാധാരണമാണ്. ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്. അയാൾ ആ അടുപ്പത്തെയും സ്നേഹത്തെയും മുതലെടുത്തു, തെറ്റിദ്ധരിച്ചു. അതുമല്ലെങ്കിൽ ഭർത്താവില്ലാത്ത ഒരു സ്ത്രീ ആയതിനാൽ ഇങ്ങനെയൊക്കെ പറഞ്ഞു പ്രചരിപ്പിച്ചാൽ തന്നോട് അടുക്കുമെന്നുള്ള മിഥ്യാധാരണയും ആകാം ഇത്തരം ചീപ്പ് പ്രവർത്തികളിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്.

നടിയുടെ നിയമ പോരാട്ടത്തിന് കരുത്തും ശക്തിയും നൽകി അവരോടൊപ്പം നിലയുറപ്പിച്ചിരിക്കുന്നത് എഴുത്തുകാരിയും നടിയും ഒക്കെയായ അഡ്വക്കേറ്റ് ശാന്തി മായാദേവിയാണ്. സനൽ കുമാറിനെതിരെ നടിക്ക് വേണ്ടി ശാന്തി കോടതിയിൽ ഹാജറായപ്പോൾ ഈ കേസ് കൂടുതൽ വാർത്താപ്രാധാന്യം നേടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സമൂഹത്തിൽ മാന്യമായി ജോലി ചെയ്തു ജീവിക്കുന്ന സ്ത്രീയെ നിരന്തരം വേട്ടയാടി ആക്ഷേപിക്കുന്നതിനെതിരെയാണ് പോരാട്ടം ആരംഭിച്ചിരിക്കുന്നത്. ഒറ്റയ്ക്ക് വഴിവെട്ടി വിജയിച്ചു കയറി വന്നവളാണ് ഈ നടി. അവളുടെ പോരാട്ട വീര്യത്തെ തകർക്കാൻ ഇത്തരം ഓലപ്പടക്കങ്ങൾ പോരാതെ വരുമെന്ന് ഓർക്കുക. നടിയുടെ ഈ പോരാട്ടത്തിന് കരുത്തേകി നമുക്കും അവരോടൊപ്പം അണിചേരാം. നടിക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് നിർത്തുന്നു.’’