ലീഗിനെ ഒഴിവാക്കി മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ചക്കൊരുങ്ങി സമസ്ത; യുഡിഎഫിൽ അസ്വസ്ഥത

യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിനെ ഒഴിവാക്കി, മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി നേരിട്ട് ചർച്ച നടത്താൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ.കെ. വിഭാഗം) ഒരുങ്ങുന്നു. സമുദായ വിഷയങ്ങൾ, സർക്കാർ സമിതികളിലെ പ്രാതിനിധ്യം, മതപരമായ കാര്യങ്ങൾ തുടങ്ങിയവയിലാണ് സമസ്ത മുഖ്യമന്ത്രിയുമായി നേരിട്ട് ആശയവിനിമയം നടത്തുന്നത്.മുസ്ലിം ലീഗും സമസ്തയും തമ്മിൽ നിലനിന്നിരുന്ന പരമ്പരാഗത ബന്ധത്തിൽ വലിയൊരു മാറ്റമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

 

തിരുവനന്തപുരം: യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിനെ ഒഴിവാക്കി, മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി നേരിട്ട് ചർച്ച നടത്താൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ.കെ. വിഭാഗം) ഒരുങ്ങുന്നു. സമുദായ വിഷയങ്ങൾ, സർക്കാർ സമിതികളിലെ പ്രാതിനിധ്യം, മതപരമായ കാര്യങ്ങൾ തുടങ്ങിയവയിലാണ് സമസ്ത മുഖ്യമന്ത്രിയുമായി നേരിട്ട് ആശയവിനിമയം നടത്തുന്നത്.മുസ്ലിം ലീഗും സമസ്തയും തമ്മിൽ നിലനിന്നിരുന്ന പരമ്പരാഗത ബന്ധത്തിൽ വലിയൊരു മാറ്റമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. മുൻകാലങ്ങളിൽ യുഡിഎഫ് സർക്കാരുകളുടെ സമയത്ത് സമസ്തയുടെയും മുസ്ലിം സമുദായത്തിന്റെയും ആവശ്യങ്ങൾ ലീഗ് വഴിയാണ് സർക്കാരിന് മുന്നിലെത്തിയിരുന്നത്.

എന്നാൽ മുൻ എൽഡിഎഫ് ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഇരു സുന്നി വിഭാഗങ്ങളുമായും നേരിട്ട് ബന്ധം സ്ഥാപിക്കുകയും ലീഗിന്റെ മധ്യസ്ഥ പങ്ക് ഇല്ലാതാക്കുകയും ചെയ്തിരുന്നു. അതേ സാഹചര്യം പുനഃസൃഷ്ടിക്കാനുള്ള ശ്രമമായാണ് സമസ്തയുടെ ഈ നീക്കത്തെ ലീഗ് നേതൃത്വം കാണുന്നത്.യുഡിഎഫ് സർക്കാർ അധികാരമേറ്റ് രണ്ട് മാസത്തിനകം (ജൂലൈ 13-ന്) സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകിയിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി, വഖഫ് ബോർഡ്, ന്യൂനപക്ഷ ക്ഷേമ-പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ, മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ്, സംസ്ഥാന പാഠ്യപദ്ധതി സമിതി, നോർക്ക (NORKA) തുടങ്ങിയ സമിതികളിലെ നിയമനങ്ങളിൽ സമസ്തയുമായി ആലോചന വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.

വഖഫ് ബോർഡ് പുനഃസംഘടനയിൽ ഇ.കെ. വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും, സംഘടനയുടെ ഉന്നതാധികാര സമിതിയിൽ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയെ നിയമിച്ചത് സമസ്ത നേതൃത്വത്തിനെതിരായ നീക്കമാണെന്ന ആശങ്കയും നേതാക്കൾക്കുണ്ട്. അതേസമയം, സംഘടനയുടെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ മുഖ്യമന്ത്രിയെ കണ്ടിരുന്നതായും ആവശ്യങ്ങൾ അടങ്ങിയ പട്ടിക കൈമാറിയതായും സമസ്ത ജനറൽ സെക്രട്ടറി പി.പി. ഉമർ മുസ്ലിയാർ കൊയ്യോട് വ്യക്തമാക്കി. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.