നെയ്യാറ്റികരയിലെ സമാധി കേസ് ; ഗോപനെ അടക്കം ചെയ്ത സ്ലാബ് ഇന്ന് പൊളിക്കും
ആവശ്യമെങ്കില്‍ ഭാര്യയേയും മക്കളെയും കരുതല്‍ തടങ്കലില്‍ വെക്കാനും ഉന്നത ഉദ്യോഗസ്ഥകര്‍ക്കിടയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി.
ഉച്ചയ്ക്ക് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ധാരണ
നെയ്യാറ്റികരയിലെ സമാധി കേസില്‍ ഗോപനെ അടക്കം ചെയ്ത സ്ലാബ് ഇന്ന് പൊളിക്കും. അതിരാവിലെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ലാബ് പൊളിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ധാരണ. ബാരിക്കേഡ് വെച്ച് ആളുകളെ തടയാന്‍ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഭാര്യയേയും മക്കളെയും കരുതല്‍ തടങ്കലില്‍ വെക്കാനും ഉന്നത ഉദ്യോഗസ്ഥകര്‍ക്കിടയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി.
സ്ലാബ് പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്ലാബ് വേഗത്തില്‍ പൊളിക്കാന്‍ തീരുമാനമായത്. ഭാര്യയുടെയും മക്കളുടെയും എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡിനാണ് പൊളിക്കലിന്റെ ചുമതല.
നേരത്തെ സമാധിയായെന്ന് കുടുംബം അവകാശപ്പെടുന്ന ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റും കോടതി ആവശ്യപ്പെട്ടിരുന്നു. ഗോപന്‍ എങ്ങനെയാണ് മരിച്ചതെന്ന് ചോദിച്ച ഹൈക്കോടതി സ്വാഭാവിക മരണമെങ്കില്‍ കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാമെന്നും വ്യക്തമാക്കിയിരുന്നു. മരണം രജിസ്റ്റര്‍ ചെയ്തോയെന്നും ഹൈക്കോടതി കുടുംബത്തോട് ചോദിച്ചിരുന്നു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആയി കണക്കാക്കേണ്ടിവരുമെന്നും അല്ലെങ്കില്‍ അന്വേഷണം തടയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.