ആറുവർഷത്തിന് ശേഷം മലബാർ ദേവസ്വം ബോർഡ് എക്‌സിക്യുട്ടീവ് ഓഫീസർമാർക്ക് ശമ്പള പരിഷ്‌കരണം

ആറുവർഷത്തിനുശേഷം മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ എക്‌സിക്യുട്ടീവ് ഓഫീസർമാരുടെ ശമ്പള പരിഷ്‌കരണം  നടപ്പാകുന്നു. എട്ടാം ശമ്പളപരിഷ്‌കരണത്തിലെ സ്‌കെയിൽ അടിസ്ഥാനമാക്കി 2019 ജനുവരി ഒന്നുമുതൽ പ്രാബല്യത്തോടെ ശമ്പളം പരിഷ്‌കരിച്ച് നേരത്തെ ഉത്തരവായിരുന്നു.

 

കാസർകോട്: ആറുവർഷത്തിനുശേഷം മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ എക്‌സിക്യുട്ടീവ് ഓഫീസർമാരുടെ ശമ്പള പരിഷ്‌കരണം  നടപ്പാകുന്നു. എട്ടാം ശമ്പളപരിഷ്‌കരണത്തിലെ സ്‌കെയിൽ അടിസ്ഥാനമാക്കി 2019 ജനുവരി ഒന്നുമുതൽ പ്രാബല്യത്തോടെ ശമ്പളം പരിഷ്‌കരിച്ച് നേരത്തെ ഉത്തരവായിരുന്നു. എന്നാൽ അടിസ്ഥാനശമ്പളത്തോടൊപ്പം അർഹമായ ക്ഷാമബത്ത ലയിപ്പിച്ച് നടപ്പാക്കണമെന്ന വ്യവസ്ഥയും ശമ്പള നിർണയം എങ്ങനെ നടത്തണമെന്ന് കൃത്യമായി നിർവചിക്കാത്തതും കാരണം പരിഷ്‌കരണം നടപ്പായില്ല. ഈ പ്രശ്‌നങ്ങൾ പരിഹരിച്ച് 2019 ജൂലായ് ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ സർക്കാർ ശമ്പള പരിഷ്‌കരണം അനുവദിച്ചു.

എക്‌സിക്യുട്ടീവ് ഓഫീസർ ഗ്രേഡ് ഒന്ന്: 50,200-1,05,300, ഗ്രേഡ് രണ്ട്: 45,600-95,600, ഗ്രേഡ് മൂന്ന്: 41,300-87,000, ഗ്രേഡ് നാല്: 37,400-79,000 എന്നിങ്ങനെയാണ് പുതിയ ശന്പളസ്‌കെയിൽ. 2019 ജൂലായ് ഒന്നിന് നിലവിലുള്ള 303 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിക്കും. ശമ്പളനിർണയത്തിന് ഈ തുകയോടൊപ്പം 5000 രൂപ ഫിറ്റ്‌മെന്റ് ബെനഫിറ്റ് കൂടി ചേർത്ത് കിട്ടുന്ന തുക 11-ാം ശമ്പള പരിഷ്‌കരണ സ്‌കെയിലിന്റെ തൊട്ടടുത്ത സ്റ്റേജിൽ നിശ്ചയിക്കണം. ശമ്പള പരിഷ്‌കരണ പ്രകാരമുള്ള കുടിശ്ശിക നൽകുന്നത് സർക്കാർ തീരുമാനപ്രകാരമാകും.

11-ാം ശമ്പള പരിഷ്‌കരണ ഉത്തരവ് പുറപ്പെടുവിക്കുന്ന മാസത്തിലെ ആദ്യ ദിവസം മുതൽ പുതിയ വീട്ടുവാടക ബത്ത അനുവദിക്കാം. ഭിന്നശേഷി ജീവനക്കാർക്ക് മാസം 1100 രൂപ സ്‌പെഷ്യൽ അലൻസിന് അർഹതയുണ്ട്. ഒന്നിൽക്കൂടുതൽ സ്‌പെഷ്യൽ ഗ്രേഡ് ക്ഷേത്രങ്ങളുടെ ചുമതലയുള്ള എക്‌സിക്യുട്ടീവ് ഓഫീസർമാർക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ നാല് ശതമാനം നിരക്കിൽ പരമാവധി മൂന്ന് മാസത്തേക്ക് ചാർജ് അലവൻസ് അധികച്ചുമതലയുള്ള ക്ഷേത്രത്തിൽനിന്നും കൈപ്പറ്റാം. ഇതിനകം ഇടക്കാലാശ്വാസം അല്ലെങ്കിൽ മുൻകൂറായി 11-ാം ശമ്പള പരിഷ്‌കരണം നടപ്പാക്കിയിട്ടുണ്ടെങ്കിൽ അത് ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങളിൽ ക്രമീകരിക്കണമെന്നും നിബന്ധനയുണ്ട്.