മുനമ്പം വിഷയത്തിൽ സമുദായങ്ങൾ തമ്മിൽ അകൽച്ചയുണ്ടാകരുത്: തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച് സാദിഖലി തങ്ങൾ

മുനമ്പം കുടിയിറക്ക് വിഷയം അണയാതെ നിൽക്കവെ ക്രിസ്തുമസ് കേക്ക് മുറിച്ച് മധുരം പങ്കിട്ട് മാർ ജോസഫ് പാംപ്ളാനിയും മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും.

 

തലശേരി: മുനമ്പം കുടിയിറക്ക് വിഷയം അണയാതെ നിൽക്കവെ ക്രിസ്തുമസ് കേക്ക് മുറിച്ച് മധുരം പങ്കിട്ട് മാർ ജോസഫ് പാംപ്ളാനിയും മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും. മുനമ്പത്തെ വഖഫ്  കുടിയിറക്ക് വിഷയത്തിലാണ് തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച്ച നടത്തിയത്. ഞായറാഴ്ച്ച രാവിലെ തലശേരി ബിഷപ്പ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. 

ഇന്നത്തെ സാഹചര്യത്തിൽ തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ടെന്നും ഇത്തരം കൂടിക്കാഴ്ചകൾ ആവശ്യമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു. മുനമ്പം വിഷയത്തിൽ സമുദായങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്ന് മാർ ജോസഫ് പാംപ്ലാനി പ്രതികരിച്ചു.

മുനമ്പം വിഷയത്തിൽ സമുദായങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാവരുത്. സർക്കാർ ഊർജിതമായി രംഗത്ത് വരണം. മെല്ലപ്പോക്ക് അവസാനിക്കണം. ഇങ്ങനെയുള്ള കൂടിക്കാഴ്ചകൾ ആവശ്യമാണ്. സമൂഹങ്ങളെ അടുപ്പിക്കാൻ ആവശ്യമായതൊക്കെ ചെയ്യണം. ഇന്നത്തെ സാഹചര്യത്തിൽ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ട്. സമുദായങ്ങൾ തമ്മിൽ അകലുന്ന സാഹചര്യമുണ്ടാവരുത്. ബന്ധങ്ങൾ നിലനിർത്തുകയെന്ന ഉദ്ദ്യേശത്തോടുകൂടിയാണ് വന്നത്. 

മാർ ജോസഫ് പാംപ്ലാനിയുടെ പല പ്രസ്താവനകളും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണ്. അദ്ദേഹം അഭിപ്രായങ്ങൾ തുറന്നു പറയുന്നത് ആത്മധൈര്യം തരുന്നതാണ്. മുനമ്പം വിഷയത്തിൽ സമുദായങ്ങൾ തമ്മിൽ ഇടർച്ച ഉണ്ടാവാൻ പാടില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ഷാഫി പറമ്പിൽ എം പിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.