സ്ഥാനാർഥിക്ക് വോട്ടർ ലിസ്റ്റിൽ പേരില്ലാത്തത് അത്രവലിയ തെറ്റൊന്നുമല്ല,കൂടുതൽ പരിശോധനക്ക് സമയം ലഭിച്ചില്ല : സാബു എം. ജേക്കബ്
സ്ഥാനാർഥിക്ക് വോട്ടർ ലിസ്റ്റിൽ പേരില്ലാത്തത് അത്രവലിയ തെറ്റൊന്നുമല്ലെന്ന് ട്വൻറി 20 അധ്യക്ഷൻ സാബു എം. ജേക്കബ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സ്ഥാനാർഥി പട്ടിക പൂർത്തിയാക്കിയതെന്നും കൂടുതൽ പരിശോധനക്ക് സമയം ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താരങ്ങളെ ഇറക്കി തെരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു ട്വൻറി 20യുടെ പദ്ധതി. എന്നാൽ സ്ഥാനാർഥികളിൽ പലർക്കും വോട്ടർ പട്ടികയിൽ പേര് ഇല്ലാതിരുന്നത് പാർട്ടിയെ പ്രശ്നത്തിലാക്കിയിരുന്നു.
എറണാകുളം: സ്ഥാനാർഥിക്ക് വോട്ടർ ലിസ്റ്റിൽ പേരില്ലാത്തത് അത്രവലിയ തെറ്റൊന്നുമല്ലെന്ന് ട്വൻറി 20 അധ്യക്ഷൻ സാബു എം. ജേക്കബ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സ്ഥാനാർഥി പട്ടിക പൂർത്തിയാക്കിയതെന്നും കൂടുതൽ പരിശോധനക്ക് സമയം ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താരങ്ങളെ ഇറക്കി തെരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു ട്വൻറി 20യുടെ പദ്ധതി. എന്നാൽ സ്ഥാനാർഥികളിൽ പലർക്കും വോട്ടർ പട്ടികയിൽ പേര് ഇല്ലാതിരുന്നത് പാർട്ടിയെ പ്രശ്നത്തിലാക്കിയിരുന്നു.
'വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സ്ഥാനാർഥി പട്ടിക പൂർത്തിയാക്കിയത്. പട്ടിക പരിശോധിക്കാനുള്ള സമയം ലഭിച്ചില്ല. അത് വലിയ പ്രശ്നമായി തോന്നുന്നില്ല. ഞങ്ങൾ പെരുമ്പാവൂരിൽ പുതിയ സ്ഥാനാർഥിയെ കണ്ടെത്തിക്കഴിഞ്ഞു. ഏറ്റുമാനൂരിലും ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾ സ്ഥാനാർഥിയെ തീരുമാനിച്ചു' - സാബു എം. ജേക്കബ് പറഞ്ഞു.
പെരുമ്പാവൂർ മണ്ഡലത്തിൽ ട്വന്റി-20 സ്ഥാനാർഥിയാക്കാൻ തീരുമാനിച്ച നടി ലക്ഷ്മിപ്രിയയുടെയും ഏറ്റുമാനൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച നടി വീണ നായരുടെയും പേര് വോട്ടർ പട്ടികയിൽ ഇല്ല. ഇക്കാരണത്താൽ ഇരുവർക്കും മത്സരിക്കാൻ കഴിയില്ലെന്ന് വന്നതോടെയാണ് പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായരാണ് ട്വൻറി 20 സ്ഥാനാർഥി. തൃപ്പൂണിത്തുറയിലെ ജനങ്ങൾക്കൊപ്പം താനുണ്ടാകുമെന്നും സ്ഥാനാർഥിത്വത്തിൽ ഏറെ സന്തോഷമെന്നുമായിരുന്നു അഞ്ജലിയുടെ ആദ്യ പ്രതികരണം. തൃപ്പൂണിത്തുറയിൽ സാബു എം. ജേക്കബ് മത്സരിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ എവിടെയും മത്സരിക്കാൻ ഇല്ലെന്നാണ് സാബു വ്യക്തമാക്കിയത്. അങ്കമാലിയിൽ റിയാലിറ്റി ഷോ താരമായ പ്രോമി കുര്യാക്കോസ് ട്വൻറി 20 സ്ഥാനാർഥിയാകും.