ശബരിമല വെര്‍ച്വല്‍ ക്യൂ; ബുക്ക് ചെയ്ത ദിവസം ദര്‍ശനത്തിന് എത്തിയില്ലെങ്കില്‍ വീണ്ടും സ്ലോട്ട് ലഭിക്കില്ല

ബുക്ക് ചെയ്ത ദിവസം എത്താത്തവര്‍ക്കും ബുക്കിങ് റദ്ദാക്കാതിരിക്കുന്നവര്‍ക്കും മണ്ഡലക്കാലത്ത് പിന്നീട് ബുക്കിങ് ലഭിക്കില്ല.

 

അയല്‍ സംസ്ഥാന ട്രാവല്‍ ഏജന്‍സികള്‍ ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ സ്ലോട്ടുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവില്‍ക്കുന്നത് തടയാനാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി.

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ കടുത്ത നിയന്ത്രണം. ബുക്ക് ചെയ്തിട്ടും ദര്‍ശനത്തിനെത്തിയില്ലെങ്കില്‍ വീണ്ടും സ്ലോട്ട് ലഭിക്കില്ല. ബുക്കിങ്ങിന് ആധാര്‍ അധിഷ്ഠിത ഒടിപി നിര്‍ബന്ധമാക്കും. അയല്‍ സംസ്ഥാന ട്രാവല്‍ ഏജന്‍സികള്‍ ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ സ്ലോട്ടുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവില്‍ക്കുന്നത് തടയാനാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി.

ബുക്ക് ചെയ്ത ദിവസം എത്താത്തവര്‍ക്കും ബുക്കിങ് റദ്ദാക്കാതിരിക്കുന്നവര്‍ക്കും മണ്ഡലക്കാലത്ത് പിന്നീട് ബുക്കിങ് ലഭിക്കില്ല. ബുക്ക് ചെയ്ത ദിവസം എത്താന്‍ അസൗകര്യമുണ്ടെങ്കില്‍ മറ്റൊരു ദിവസത്തേയ്ക്ക് സമയം മാറ്റാം.ബുക്കിങ് റദ്ദാക്കണമെങ്കില്‍ അതിനും സൗകര്യം ഉണ്ടായിരിക്കും. കൂട്ടത്തോടെയുള്ള ബുക്കിങ് അവസാനിപ്പിക്കാന്‍ ആധാര്‍ അധിഷ്ഠിത ഒടിപി വെരിഫിക്കേഷന്‍ കഴിഞ്ഞദിവസം മുതല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓരോ തീര്‍ത്ഥാടകന്റെയും ആധാര്‍ നമ്പര്‍ നല്‍കി അതുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറിലേക്ക് ഒടിപി അയച്ച് ഉറപ്പാക്കിയാല്‍ മാത്രമേ ഇപ്പോള്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാനാകൂ. ഓരോ തീര്‍ത്ഥാടകന്റെയും ടിക്കറ്റില്‍ പ്രത്യേക ക്യൂ ആര്‍ കോഡ് നല്‍കണമെന്നും ഇത് പമ്പയിലോ നിലയ്ക്കലോ പരിശോധിക്കണമെന്നും ആലോചനയുണ്ടെങ്കിലും ഇത് ഉടന്‍ നടപ്പാക്കില്ല.