മാളികപ്പുറം ക്ഷേത്രത്തിൽ തേങ്ങ ഉരുട്ടുന്നതും മഞ്ഞൾ പൊടി വിതറുന്നതും വേണ്ട; ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ശബരിമല തന്ത്രിയും മാളികപ്പുറം മേൽശാന്തിയും

ശബരിമല മാളികപ്പുറം ക്ഷേത്രത്തിൽ തേങ്ങ ഉരുട്ടുന്നതും മഞ്ഞൾ പൊടി വിതറുന്നതും അനുവദിക്കേണ്ടെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ശബരിമല തന്ത്രിയും മാളികപ്പുറം മേൽശാന്തിയും.

 

ശബരിമല: ശബരിമല മാളികപ്പുറം ക്ഷേത്രത്തിൽ തേങ്ങ ഉരുട്ടുന്നതും മഞ്ഞൾ പൊടി വിതറുന്നതും അനുവദിക്കേണ്ടെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ശബരിമല തന്ത്രിയും മാളികപ്പുറം മേൽശാന്തിയും. തേങ്ങയുരുട്ടൽ, മഞ്ഞൾപ്പൊടി വിതറൽ, വസ്ത്രം എറിയൽ തുടങ്ങി ഭക്തർ ഇപ്പോഴും തുടർന്നു വരുന്ന കാര്യങ്ങളൊന്നും ആചാരങ്ങളുടെ ഭാഗമല്ലെന്ന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു.

മഞ്ഞളും, ഭസ്മവും നിക്ഷേപിക്കാൻ മാളികപ്പുറത്തെ പ്രത്യേകം സംവിധാനം ഏർപ്പെടുത്തണം. മാളികപ്പുറത്തെ ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുൻപും പറയുമ്പോൾ, ഇത്തരത്തിൽ നടക്കുന്ന അനാചാരങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ചും പ്രതികരിച്ചിട്ടുണ്ടെന്നും നിലവിൽ ഇപ്പോൾ വന്ന ഹൈക്കോടതി നിർദേശം പ്രായോഗികമായി നടപ്പിലാക്കാൻ ദേവസ്വം ബോർഡ് മുൻ കൈയെടുക്കണമെന്നും തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു.  

ഇത്തരത്തിലുള്ള അനാചാരങ്ങൾ നടത്തുന്നതിൽ ഭക്തരെ പിന്തിരിപ്പിക്കാൻ പ്രത്യേകം ജീവനക്കാരെ ക്ഷേത്ര പരിസരത്തു നിയോഗിക്കണമെന്ന് മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരിയും വ്യക്തമാക്കി. അതേസമയം ദർശന തടസം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തി വന്ന കോടതി വിധി നടപ്പിലാക്കാൻ ദേവസ്വം ബോർഡ് ആലോചന തുടങ്ങിയതായാണ് വിവരം.