ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങളില്‍ അതി തീവ്ര വെളിച്ചം നല്‍കുന്ന ലൈറ്റ് ഘടിപ്പിച്ചാല്‍ പിടിവീഴും ; പരിശോധന ശക്തമാക്കി

അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങളിലാണ് കൂടുതലായും അതിത്രീവ്രവെളിച്ചമുള്ള ലൈറ്റുകളുള്ളത്.

 

ഇലവുങ്കല്‍ സോണിലാണ് കര്‍ശന പരിശോധന നടത്തുന്നത്.

ശബരിമലയിലേക്ക് അയ്യപ്പദര്‍ശനത്തിനായി തീര്‍ത്ഥാടകരെത്തുന്ന വാഹനങ്ങളില്‍ അതിത്രീവ്ര വെളിച്ചം നല്‍കുന്ന ലൈറ്റ് ഘടിപ്പിക്കുന്നത് വര്‍ധിക്കുന്നതിനാല്‍ അപകടങ്ങള്‍ കൂടുന്നതിനാല്‍ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഇലവുങ്കല്‍ സോണിലാണ് കര്‍ശന പരിശോധന നടത്തുന്നത്.

അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങളിലാണ് കൂടുതലായും അതിത്രീവ്രവെളിച്ചമുള്ള ലൈറ്റുകളുള്ളത്. മണ്ഡല പൂജ, മകരവിളക്ക് അടുത്തു കൊണ്ടിരിക്കുമ്പോള്‍ കൂടുതല്‍ തീര്‍ത്ഥാടകരാണ് ശബരിമലയിലേക്ക് എത്തുന്നത്. ശബരിമലയിലേക്കുള്ള റോഡുകളില്‍ കൂടുതല്‍ ഇറക്കവും കയറ്റവും വളവുകളും ഉള്ളതിനാല്‍ ഇത്തരത്തില്‍ വെളിച്ചംഘടിപ്പിച്ചാല്‍ എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് കാണാന്‍ സാധിക്കില്ല. ഇത് വലിയ അപകടത്തിന് കാരണമാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്.
ശബരിമലയില്‍ ഈ സീസണ്‍ തുടങ്ങിയതു മുതല്‍ മുപ്പതോളം അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇലവുങ്കല്‍ സോണില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ 10-ഓളം സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്.