പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, നാല് പേർക്ക് പരിക്ക്

വടശ്ശേരിക്കരയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ശബരിമല പാതയിൽ പെരുനാടിനും വടശ്ശേരിക്കരക്കും ഇടയിലുള്ള ചെമ്പോൺ എന്ന സ്ഥലത്ത് പുലർച്ചെയാണ് അപകടമുണ്ടായത്. ആന്ധ്രയിൽനിന്നുള്ള തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്.

 

പത്തനംതിട്ട: വടശ്ശേരിക്കരയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ശബരിമല പാതയിൽ പെരുനാടിനും വടശ്ശേരിക്കരക്കും ഇടയിലുള്ള ചെമ്പോൺ എന്ന സ്ഥലത്ത് പുലർച്ചെയാണ് അപകടമുണ്ടായത്. ആന്ധ്രയിൽനിന്നുള്ള തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. സന്നിധാനത്തെ ദർശനം പൂർത്തിയാക്കി ആന്ധ്രയിലേക്ക് മടങ്ങുകയായിരുന്നു ഇവർ. വളവ് തിരിയുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റവരെ ഉടൻതന്നെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ കാൽ അറ്റുപോയി. വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ ലഭ്യമാക്കുമെന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടതുണ്ടെങ്കിൽ അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും റാന്നി താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽനിന്ന് ലഭിക്കുന്ന വിവരം.

അപകടത്തെ തുടർന്ന് ശബരിമല പാതയിൽ അരമണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. ഫയർഫോഴ്സും പോലീസും ചേർന്നാണ് തീർത്ഥാടകരെ വാഹനത്തിൽനിന്ന് പുറത്തിറക്കിയത്. മറ്റ് പ്രശ്നങ്ങളില്ലാത്ത ആളുകൾ ഫയർഫോഴ്സ് എത്തുന്നതിനു മുൻപുതന്നെ സ്വയം പുറത്തിറങ്ങിയിരുന്നു.

പരിക്കേറ്റവരെ ഫയർഫോഴ്സിന്റെയും പോലീസിന്റെയും ആംബുലൻസ് സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ, ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത നിലയിൽ അപകടത്തിൽപ്പെട്ട വാഹനം റോഡിന്റെ വശത്തേക്ക് മാറ്റിയിട്ടിട്ടുണ്ട്.