അയ്യപ്പന്‍ ഇനി യോഗനിദ്രയില്‍..! പതിനെട്ടാം പടിയുടെ മുകളിലെ ഗേറ്റ് പൂട്ടി രാജപ്രതിനിധി പടിയിറങ്ങി
മകരവിളക്ക് ഉത്സവത്തിന്റെ എല്ലാ ചടങ്ങുകൾക്കും സമാപനം കുറിച്ചുകൊണ്ട് ശബരിമല നട അടച്ചു.
പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിന്റെ എല്ലാ ചടങ്ങുകൾക്കും സമാപനം കുറിച്ചുകൊണ്ട് ശബരിമല നട അടച്ചു. അയ്യപ്പനെ വിഭൂതി കൊണ്ട് മൂടി യോഗനിദ്രയിലാക്കി. ഇന്ന് രാവിലെ രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം നടത്താന്‍ അനുവാദം ഉണ്ടായിരുന്നത്. തീര്‍ഥാടകര്‍ക്ക് ദര്‍ശനം ഉണ്ടായിരുന്നില്ല. ദര്‍ശനത്തിന് ശേഷം രാജപ്രതിനിധി പതിനെട്ടാം പടിയുടെ മുകളിലെ ഗേറ്റ് പൂട്ടി പതിനെട്ടാം പടി ഇറങ്ങി.
അദ്ദേഹത്തോടൊപ്പം ഉടവാളും പരിചയും വിളക്കുമായി മറ്റൊരാള്‍ അകമ്പടിയായി ഉണ്ടായിരുന്നു. പതിനെട്ടാം പടി ഇറങ്ങി താഴെയെത്തിയ രാജപ്രതിനിധിക്ക് ശബരിമല മേല്‍ശാന്തി ശ്രീകോവില്‍ പൂട്ടി താക്കോല്‍ കൈമാറി. മാളികപ്പുറം മേല്‍ശാന്തി അടക്കം അവിടെ സന്നിഹിതരായിരുന്നു. രാജപ്രതിനിധിയും ശബരിമല മേല്‍ശാന്തിയും പതിനെട്ടാം പടിക്ക് മുന്നില്‍ സാഷ്ടാംഗം പ്രണാമം നടത്തി. അതിന് ശേഷം താക്കോല്‍കൂട്ടവും ഒരു വര്‍ഷത്തെ ചെലവിനുള്ള പണക്കിഴിയും ദേവസ്വം അധികാരികള്‍ക്ക് രാജപ്രതിനിധി കൈമാറി. രാജപ്രതിനിധി ഇറങ്ങുന്നതിന് മുന്‍പ് മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് അയ്യപ്പന് ചാര്‍ത്തിയ തിരുവാഭരണ പേടകങ്ങള്‍ പന്തളത്തേയ്ക്ക് യാത്രയായി.