ശബരിമല മിൽമ നെയ് ക്രമക്കേട്: വിജിലൻസ് റിമാൻഡ് റിപ്പോർട്ട് പുറത്ത്; ദേവസ്വം ഉദ്യോഗസ്ഥൻ ജയലാൽ റിമാൻഡിൽ

ശബരിമലയിലെ മിൽമ നെയ് ക്രമക്കേട് കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പ്രതികളും ചേർന്ന് ഗൂഢാലോചന നടത്തിയതായി വിജിലൻസ് റിമാൻഡ് റിപ്പോർട്ട്. സന്നിധാനത്തേക്ക് കൊണ്ടുവന്ന 28 ലോഡ് നെയ്യിൽ 3 ലോഡ് നെയ്യ് തമിഴ്നാട്ടിലേക്ക് മറിച്ചുവിറ്റതായി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ ക്രമക്കേടിലൂടെ ലഭിച്ച ലാഭവിഹിതത്തിൽ നിന്ന് 15 ലക്ഷം രൂപ സ്റ്റോറിന്റെ ചുമതലയുണ്ടായിരുന്ന ദേവസ്വം ജീവനക്കാരൻ ജയലാൽ തിരുവനന്തപുരത്തു വെച്ച് കൈപ്പറ്റിയെന്നും വിജിലൻസ് കണ്ടെത്തി.

 

തിരുവനന്തപുരം: ശബരിമലയിലെ മിൽമ നെയ് ക്രമക്കേട് കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പ്രതികളും ചേർന്ന് ഗൂഢാലോചന നടത്തിയതായി വിജിലൻസ് റിമാൻഡ് റിപ്പോർട്ട്. സന്നിധാനത്തേക്ക് കൊണ്ടുവന്ന 28 ലോഡ് നെയ്യിൽ 3 ലോഡ് നെയ്യ് തമിഴ്നാട്ടിലേക്ക് മറിച്ചുവിറ്റതായി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ ക്രമക്കേടിലൂടെ ലഭിച്ച ലാഭവിഹിതത്തിൽ നിന്ന് 15 ലക്ഷം രൂപ സ്റ്റോറിന്റെ ചുമതലയുണ്ടായിരുന്ന ദേവസ്വം ജീവനക്കാരൻ ജയലാൽ തിരുവനന്തപുരത്തു വെച്ച് കൈപ്പറ്റിയെന്നും വിജിലൻസ് കണ്ടെത്തി. അറസ്റ്റിലായ ജയലാലിനെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

നേരത്തെ കേസിൽ അറസ്റ്റിലായ ട്രാൻസ്പോർട്ടേഷൻ കരാറുകാരൻ എസ്.എസ്. ബിനുവിനെ മൂന്ന് ദിവസത്തെ വിജിലൻസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് ജയലാലിന്റെ പങ്കിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. മിൽമയുടെ പത്തനംതിട്ട ഡയറിയിൽ നിന്ന് സന്നിധാനത്തേക്ക് എത്തിക്കാനായി കൈപ്പറ്റിയ 11,040 കിലോഗ്രാം നെയ്യ് തമിഴ്നാട്ടിലെ ഏജൻസികൾക്ക് മറിച്ചുവിൽക്കുകയും, പകരം നിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിക്കുകയുമായിരുന്നു. ബിനുവിന്റെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇയാളെയും തിരികെ ജയിലിലേക്ക് അയച്ചു.