ശബരിമലയിലെ മലക്കംമറിച്ചിൽ വോട്ടിനുവേണ്ടി : കെസി വേണുഗോപാൽ എംപി
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ സിപിഎം തയാറായത് വോട്ടിനു വേണ്ടിയാണെന്നും അതിൽ ആത്മാർത്ഥത ഇല്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.
തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ സിപിഎം തയാറായത് വോട്ടിനു വേണ്ടിയാണെന്നും അതിൽ ആത്മാർത്ഥത ഇല്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. തെരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കിൽ അവരുടെ നിലപാടിൽ ഒരു മാറ്റവും വരില്ലായിരുന്നു. കൂടുതൽ യുവതികളെ കയറ്റുകയും ചെയ്യുമായിരുന്നു.
ശബരിമലയെ തൊട്ടുകളിക്കുന്നത് തീക്കളിയാണെന്ന് സിപിഎം ഇനിയെങ്കിലും മനസിലാക്കുമെന്നു കരുതുന്നു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ ലംഘിക്കുക മാത്രമല്ല അവർ ചെയ്തത് മറിച്ച് അവിടെയുണ്ടായിരുന്ന പവിത്രമായ സ്വർണവും അമൂല്യവസ്തുക്കളും കട്ടെടുക്കുകയും ചെയ്തു. ആ കേസ് അന്വേഷണം ഇപ്പോൾ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വിശ്വാസിക്കും പൊറുക്കാൻ പറ്റാത്ത കൊടുംപാതകങ്ങളാണ് സിപിഎം ശബരിമലയിൽ ചെയ്തത്. അതിന് ഏറ്റവും കുറഞ്ഞത് അവർ മാപ്പുപറയുകയെങ്കിലും ചെയ്യണം. അയ്യപ്പഭക്തരുടെമേൽ ചുമത്തിയ നൂറുകണക്കിനു കള്ളക്കേസുകൾ പിൻവലിക്കാൻ തയ്യാറാകാത്തത് അവരുടെ യഥാർത്ഥ മുഖം വ്യക്തമാക്കുന്നു.
നവോത്ഥാന സന്ദേശം പറഞ്ഞ് വനിതാ മതിൽ നിർമ്മിച്ചതും ആചാര ലംഘനത്തിന് യുവതികളെ നിയോഗിച്ചതും ശബരിമലയുടെ പവത്രത തകർക്കാനായിരുന്നില്ലേയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അയ്യപ്പസംഗമം ഉൾപ്പെടെയുള്ള പരിപാടികൾക്ക് ഖജനാവിൽനിന്നുള്ള കോടിക്കണക്കിനു രൂപയും ചെലവഴിച്ചു. യുവതീപ്രവേശം അനുവദിച്ച് നാട്ടിൽ കലാപത്തിന് വെടിമരുന്നിട്ട് ബിജെപിക്ക് രാഷ്ട്രീയമുതലെടുപ്പിന് അവസരമൊരുക്കിയതും മുഖ്യമന്ത്രിയാണ്. അതീവനാടകീയമായാണ് യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ച് ആചാരലംഘനത്തിന് മുഖ്യമന്ത്രി കാർമികത്വം വഹിച്ചത്. അതിന്റെ പേരിൽ ദേശീയതലത്തിൽ വരെ പിആർ വർക്ക് നടത്തി.
വിഎസ് സർക്കാർ 2007ൽ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലമാണ് ശബരിമലയിലെ ആചാര ലംഘനത്തിന് വഴിവെച്ചത്. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ യുവതീപ്രവേശനത്തെ എതിർത്തുകൊണ്ട് സത്യവാങ്മൂലം സമർപ്പിച്ചു. പിന്നീട് വന്ന പിണറായി സർക്കാർ വിഎസ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം നിലനിർത്തുകയാണ് ചെയ്തത്. ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുകയും പുണ്യഭൂമിയുടെ വികസനം ഉറപ്പാക്കുകയും ചെയ്തത് യുഡിഎഫ് സർക്കാർ മാത്രമാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി.