ഭക്തര്‍ക്ക് ദുരിതം വിതച്ച് ശബരിമല പതിനെട്ടാം പടിയിലെ ഹൈഡ്രോളിക് മേല്‍ക്കൂര
ശബരിമല : വലിയ ആഘോഷപൂര്‍വം ദേവസ്വം ബോര്‍ഡ് നടപ്പിലാക്കിയ പതിനെട്ടാം പടിയിലെ ഹൈഡ്രോളിക് മേല്‍ക്കൂര ഭക്തര്‍ക്ക് ദുരിതം വിതയ്ക്കുന്നു. പൊന്നും പതിനെട്ടാം പടിയുടെ മനോഹരമായ ദൂരക്കാഴ്ച മറയ്ക്കുന്നതിനൊപ്പം തീര്‍ത്ഥാടകരുടെ സുഗമമായ പടികയറ്റത്തിനും മേല്‍ക്കൂരയ്ക്കു വേണ്ടി സ്ഥാപിച്ച തൂണുകള്‍ തടസം സൃഷ്ടിക്കുന്നു.
ശബരീശ സന്നിധിയിലേക്ക് തീര്‍ത്ഥാടകര്‍ ഒഴുകിയെത്തുമ്പോള്‍ അവരെ കൃത്യമായി പടികറ്റുന്നതിന് തടസമായി നില്‍ക്കുന്നത് മേല്‍ക്കൂരയുടെ തൂണുകളാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മേല്‍ക്കൂരയുടെ തൂണുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി നൂറ്റാണ്ടുകള്‍ പഴക്കമുള്ള സന്നിധാനത്തെ ചുറ്റുമതിലിന്റെ ഒരു ഭാഗം പൊളിച്ച് ദേവസ്വം ബോര്‍ഡ് ഉയരം കൂട്ടിയിരുന്നു. ഇത് തന്ത്രി അടക്കമുള്ളവരോട് കൂടിയാലോചിക്കാതെയാണ് ചെയ്തതെന്നും ആക്ഷേപം ഉണ്ട്.
തീര്‍ത്ഥാടകര്‍ക്ക് യാതൊരു ഗുണവുമില്ലാതെ ഉയര്‍ന്നു നില്‍ക്കുന്ന തൂണുകള്‍ ഇപ്പോള്‍ ദേവസ്വം ബോര്‍ഡിനും തലവേദനയാവുകയാണ്. തീര്‍ത്ഥാടകര്‍ ഹൈഡ്രോളിക് മേല്‍ക്കൂര സ്ഥാപിക്കുന്നതിനെ എതിര്‍ത്തതോടെ കൊള്ളണോ തള്ളണോ എന്നകാര്യത്തില്‍ ദേവസ്വം ബോര്‍ഡിനും വ്യക്തതയില്ല. മേല്‍ക്കൂര സ്ഥാപിക്കുന്നതിന് വേണ്ടി പതിനെട്ടാം പടിയുടെ ഇരുവശത്തും നാലെണ്ണം വീതം എട്ട് തൂണുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇതില്‍ ആദ്യത്തെ രണ്ടെണ്ണം ഏകദേശം പതിനെട്ടാം പടിയുടെ നടുഭാഗത്ത് നിന്നുമാണ് ആരംഭിക്കുന്നത്. ബാക്കിയുള്ളവ വലിയ നടപ്പന്തലിലെ ബാരിക്കേഡ് തുറക്കുന്നിടത്ത് നിന്നും പതിനെട്ടാംപടിവരെയാണ്.
ഏകദേശം മധ്യഭാഗത്തുള്ള തൂണ്‍ വന്നിരിക്കുന്നിടത്ത് ഇരുന്നാണ് പോലീസുകാര്‍ തീര്‍ത്ഥാടകരെ പടി കയറ്റി വിട്ടിരുന്നത്. ഇപ്പോള്‍ പോലീസിന് അവിടെ ഇരിക്കാന്‍ സാധിക്കുന്നില്ല. പടിയില്‍ ഇറങ്ങി നില്‍ക്കുകയും വേണം.
ഇതോടെ പടികയറി വരുന്ന തീര്‍ത്ഥാടകര്‍ ഞെരുങ്ങി അപകടങ്ങളും ഉണ്ടാകുന്നുണ്ട്. ഇതിനൊപ്പം പടികയറുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ഹൈഡ്രോളിക് മേല്‍ക്കൂരയ്‌ക്കെതിരെ പോലീസും രംഗത്ത് വന്നിട്ടുണ്ട്. മേല്‍ക്കൂര നിര്‍മിക്കുന്നതിന് വേണ്ടി സ്ഥാപിച്ചിരിക്കുന്ന കല്‍ത്തൂണുകള്‍ തീര്‍ത്ഥാടകരെ പടി കയറ്റിവിടുന്നതിന് തടസം സൃഷ്ടിക്കുന്നുവെന്നാണ് പോലീസിന്റെ പരാതി. ഇത് ദേവസ്വം ബോര്‍ഡിനെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. പതിനെട്ടാം പടിയിലെ മേല്‍ക്കുരയുടെ പദ്ധതി തയ്യാറാക്കിയ ദേവസ്വം ബോര്‍ഡ് സ്‌പോണ്‍സറെ വെച്ചാണ് നിര്‍മാണം നടത്തുന്നത്.